പ്രണയദിനത്തിൽ ‘നിരാശ കാമുക ദിനം’ ആഘോഷിച്ച് ആൺകുട്ടികളുടെ കൂട്ടായ്മ

കൊച്ചി: ഇന്ന്  പ്രണയിക്കുന്നവരുടെ ദിനം. കമിതാക്കൾ  പ്രണയം ആഘോഷിക്കുന്നു. എന്നാൽ പ്രണയിച്ച് പണി കിട്ടിയവർ എന്ത് ചെയ്യണം? ഒരു കൂട്ടം നിരാശാകാമുകന്മാർ  കൊച്ചി കുസാറ്റിലെ കാമ്പസിൽ വിരഹദിനം ആചരിച്ചു.  പ്രണയിച്ച് വഞ്ചിച്ചവർക്ക് തിരിച്ചടി നൽകാൻ ലക്ഷ്യമിട്ട് തുടങ്ങിയ ആൺകുട്ടികളുടെ കൂട്ടായ്മയാണ്  നിരാശ കാമുക ദിനം ആഘോഷിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി ആൺകുട്ടികളുടെ ഹോസ്റ്റലായ സനാതനയിൽ നിന്നും ജാഥയായി നിരാശാകാമുകൻമാർ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പോയി. തുടർന്ന് വിവിധ കാലാപരിപാടികൾ അവതരിപ്പിച്ച് സ്വന്തം വിഷമം ഇവർ മറന്നു. പലരും നഷ്ടപ്രണയത്തിന്‍റെ കഥ വിവരിച്ചു. കഥ പറയുന്ന കാര്യത്തിൽ പെൺകുട്ടികളും പിന്നിലല്ലായിരുന്നു. .

പ്രണയ വിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി അവസാനിപ്പിച്ചത്. തുടങ്ങിയപ്പോൾത്തന്നെ പെൺകുട്ടികളുടെ കൂവൽ ബാക്ക്ഗ്രൗണ്ടിൽ മുഴങ്ങി. ഒരു വിധത്തിലാണ് പ്രതിജ്ഞ പൂർത്തിയാക്കി സംഘം മടങ്ങിയത്.

Comments are closed.