ഫാൻസി നോട്ടുകൾ നൽകി വയോധികരെ കബളിപ്പിക്കുന്നു

കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയിൽ ഫാൻസി നോട്ടുകൾ നൽകി വയോധികരെ കബളിപ്പിക്കുന്നത് വ്യാപകമാവുന്നു. പുതിയ സീരിയലിൽപ്പെട്ട 50 രൂപയുടെ മാതൃകയിലുള്ള ഫാൻസി നോട്ടുകളാണ് തട്ടിപ്പിനുപയോഗിക്കുന്നത്. ഒറ്റനോട്ടത്തിൽ 50 രൂപയെന്ന് തോന്നിക്കുന്ന നോട്ടുകൾ കാഴ്ചക്കുറവുള്ളവർക്ക് തിരിച്ചറിയാൻ വളരെ പ്രയാസമാണ്.

ഗാന്ധിജിയുടെ കണ്ണടയും Rs 50 എന്നുമെല്ലാം ഫാൻസി നോട്ടിലും യഥാസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനുപകരം മനോരഞ്ജൻ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് ഫാൻസി നോട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഫുൾ ഓഫ് ഫൺ സർട്ടിഫൈഡ് ബൈ മനോരഞ്ജൻ ബാങ്ക് എന്നും ഇംഗ്ലീഷിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ നോട്ടിന്റെ വലിപ്പവും പ്രിന്റിങ്ങിലുള്ള വ്യത്യാസവും തിരിച്ചറിയുകയുള്ളൂ.

കഴിഞ്ഞദിവസം കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലെ കടലവിൽപ്പനക്കാരനായ കെ.അലിയെ 50-ന്റെ രണ്ട് ഫാൻസി നോട്ടുകൾ നൽകിയാണ് വിദ്യാർഥികളടങ്ങിയ തട്ടിപ്പുസംഘം കബളിപ്പിച്ചത്. ഏതാനും മാസം മുൻപ് പുറക്കളത്ത് ലോട്ടറി വിൽപ്പനക്കാരായ രണ്ടു വയോജനങ്ങളും തട്ടിപ്പിനിരയായിരുന്നു. രണ്ടായിരത്തിന്റെ വ്യാജനോട്ടുകൾ നൽകിയായിരുന്നു അന്ന് കബളിപ്പിച്ചത്.

ഫാൻസി നോട്ടുകൾ നൽകി കബളിപ്പിക്കുന്നത് വ്യാപകമായിട്ടും കുറ്റവാളികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. അതേസമയം, ഫാൻസി നോട്ടുകൾ നൽകിയുള്ള തട്ടിപ്പ് വ്യാപകമായതോടെ വയോജനങ്ങളായ വ്യാപാരികൾ ആശങ്കയിലായിരിക്കയാണ്.

Comments are closed.