പട്ടാപ്പകല്‍ രണ്ടു യുവതികളുടെ 30 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ പട്ടാപ്പകല്‍ രണ്ടു യുവതികളുടെ 30 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. കുന്നംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് പണയം വച്ച ആഭരണങ്ങള്‍ തിരിച്ചെടുത്ത് വരുന്നതിനിടെ പഴഞ്ഞി അരുവായ് ചോഴികുന്നത്ത് സുരേന്ദ്രന്‍ ഭാര്യ ലളിതയുടെ അഞ്ചുപവന്‍ ആഭരണങ്ങളും വീടുനിര്‍മാണത്തിനായി ആഭരണങ്ങള്‍ കുന്നംകുളത്തെ പൊതുമേഖലാ ബാങ്കില്‍ പണയംവയ്ക്കാനായി വന്നിരുന്ന കേച്ചേരി തലക്കോട്ടുകര കുറ്റിക്കാട് പ്രിന്റു ഭാര്യ സിജിയുടെ 25 പവന്‍ ആഭരണങ്ങളുമാണ് കവര്‍ന്നത്.

വടക്കാഞ്ചേരി റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് പണയം വച്ച ആഭരണങ്ങള്‍ എടുത്തശേഷം ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുവരുന്നതിനിടെയാണ് ലളിതയുടെ അഞ്ചു പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. സിജി രാവിലെ തലക്കോട്ടുകരയില്‍നിന്ന് കേച്ചേരിയിലെത്തിയശേഷം കേച്ചേരിയില്‍ നിന്നു കയറി കുന്നംകുളം മുനിസിപ്പല്‍ ജങ്ഷനില്‍ ബസിറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ബസ് യാത്രയ്ക്കിടെ ബാഗിന്റെ സിബ്ബ് തുറന്ന് പണം കവര്‍ന്നതായാണ് സൂചന. രണ്ടുപേരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

Comments are closed.