തില്ലങ്കേരിയിൽ ഒരു മാസത്തിനിടയിൽ 10 കുരങ്ങുകൾ ചത്തു; പ്രദേശത്ത് വിദഗ്ധസംഘം പരിശോധന നടത്തി

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ ഈയ്യമ്പോട്ട് മേഖലയിൽ കുരങ്ങുകൾ കൂട്ടമായി ചാകുന്നു. ഒരു മാസത്തിനിടയിൽ പ്രദേശത്ത് പത്തോളം കുരങ്ങുകളാണ് ചത്തത്. ഇതോടെ ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം മേഖലയിൽ പരിശോധന നടത്തി. കുരങ്ങുപനിയാണെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ജില്ലാ പ്രാണിജന്യ രോഗനിയന്ത്രണ യൂണിറ്റിലെ എന്റമോളജിസ്റ്റ് കൺസൾട്ടന്റ് പി.സൂര്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് മേഖലയിൽ പരിശോധന നടത്തിയത്.

കഴിഞ്ഞദിവസം വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത കുരങ്ങിന്റെ ആന്തരാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം വന്നിട്ടില്ല. വീണ്ടും കുരങ്ങുകൾ ചത്തതോടെയാണ് പരിശോധന നടത്തിയത്. അടുത്തിടെ വയനാട്ടിലും കർണാടകത്തിലും കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയോട് അതിർത്തിപങ്കിടുന്ന പ്രദേശമാണിത്. എന്നാൽ, പ്രദേശത്ത് ആർക്കും ഇതുവരെ പനിയോ മറ്റു രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കുരങ്ങുപനി ആകാനുള്ള സാധ്യത വിരളമാണെന്നാണ് ആരോഗ്യവകുപ്പധികൃതരും പറയുന്നത്. എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ കുരങ്ങുശല്യം രൂക്ഷമാണ്. ഇതിനെ പ്രതിരോധിക്കാൻ ആരെങ്കിലും വിഷമോ മറ്റോ ഉപയോഗിച്ചതാകാം എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Comments are closed.