ഷുക്കൂർ വധക്കേസ്: പി.ജയരാജനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ പിണറായി തയ്യാറാകുമോ; രമേശ് ചെന്നിത്തല

മട്ടന്നൂർ: ഷുക്കൂർ വധക്കേസിൽ സി.ബി.ഐ. കൊലക്കുറ്റം ചുമത്തിയ പി.ജയരാജനെയും ടി.വി.രാജേഷ് എം.എൽ.എ.യെയും പാർട്ടിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി തയ്യാറാകുമോ? എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മട്ടന്നൂർ ഷുഹൈബ് അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന് നവോത്ഥാനത്തെപ്പറ്റി പറയാൻ അവകാശമില്ല. ബംഗാളിൽ മമതാ ബാനർജിക്കെതിരെ സി.ബി.ഐയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നീക്കം നടത്തിയപ്പോൾ എല്ലാ പ്രതിപക്ഷകക്ഷികളും മമതയെ പിന്തുണച്ചു. എന്നാൽ അപ്പോൾ സി.ബി.ഐയുടെ പക്ഷത്തായിരുന്ന സി.പി.എം. പി.ജയരാജൻ പ്രതിയായപ്പോൾ അവരെ എതിർക്കുകയാണ്. ഷുക്കൂർവധം സഭയിൽ ഉന്നയിക്കാൻപോലും പ്രതിപക്ഷത്തെ അനുവദിച്ചില്ലെന്ന് ചെന്നിത്തല ആരോപിച്ചു.

പിണറായി സർക്കാർ അധികാരത്തിൽവന്നശേഷം 27 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. കേസിൽപ്പെട്ട നേതാക്കളെ രക്ഷിക്കാൻ വല്ലാത്ത വ്യഗ്രതയാണ് സർക്കാർ കാണിക്കുന്നത്. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് എല്ലാ ദിവസവും പരോളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മാത്രം സ്വാധീനമുള്ള സി.പി.എമ്മിന് മോദിയെ താഴെയിറക്കാൻ കഴിയുമെന്ന് ആരും വിശ്വസിക്കില്ല. അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും ചെന്നിത്തല പറഞ്ഞു.

Comments are closed.