സ്‌പേസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദകാർക്ക് ജോലി

തിരുവനന്തപുരത്ത് വലിയമലയിലുള്ള ബഹിരാകാശവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) 2019ലെ ബിരുദ /ഇന്റഗ്രേറ്റഡ്തല പ്രവേശന ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മൂന്നു പ്രോഗ്രാമുകളാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കായി ഐ.ഐ. എസ്.ടി. നടത്തുന്നത്.

നാലുവര്‍ഷത്തെ ഏറോസ്പേസ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (ഏവിയോണിക്സ്) എന്നീ ബി.ടെക്. പ്രോഗ്രാമുകളില്‍ 60 പേര്‍ക്കുവീതം പ്രവേശനം നല്‍കും. അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ഡ്യുവല്‍ ഡിഗ്രി (ബി.ടെക് + എം.എസ്/എം.ടെക്) പ്രോഗ്രാമില്‍ 20 പേര്‍ക്ക് പ്രവേശനമുണ്ട്. എന്‍ജിനീയറിങ് ഫിസിക്സിലാണ് ബി.ടെക്. അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ്/സോളിഡ് സ്റ്റേറ്റ് ഫിസിക്സില്‍ എം.എസ്. അല്ലെങ്കില്‍, എര്‍ത്ത് സിസ്റ്റം സയന്‍സ്/ഒപ്റ്റിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്. നാലുവര്‍ഷം കഴിഞ്ഞ് പുറത്തുവരാന്‍ കഴിയില്ല

പ്രവേശനം 2019-ലെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ലെ മാര്‍ക്ക്/റാങ്ക് പരിഗണിച്ചാണ്. അതിനാല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആദ്യം ജെ.ഇ.ഇ. മെയിന്‍ അഭിമുഖീകരിച്ച് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാനുള്ള അര്‍ഹത നേടണം. ജെ.ഇ.ഇ. അഡ്വാന്‍സ്ഡില്‍ മികച്ച സ്‌കോര്‍/റാങ്ക് നേടുകയും വേണം. അതോടൊപ്പം ഐ.ഐ.എസ്.ടി.യിലേക്ക് അപേക്ഷിക്കണം.

അഡ്മിഷന്‍ ബ്രോഷര്‍ മേയ് ഏഴിന് പ്രസിദ്ധപ്പെടുത്തും. അപേക്ഷാ സമര്‍പ്പണത്തിന് മേയ് 22 മുതല്‍ ജൂണ്‍ അഞ്ച് വരെ www.iist.ac.in ല്‍ സൗകര്യമുണ്ടാകും. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് സ്‌കോര്‍ പരിഗണിച്ച്, ഐ.ഐ.എസ്.ടി. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കും.

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ.എസ്.ആര്‍.ഒ.യ്ക്ക് കീഴില്‍ സയന്റിസ്റ്റ്/എന്‍ജിനീയര്‍ തസ്തികയില്‍ നിയമനം നല്‍കുന്ന പദ്ധതി ബഹിരാകാശ വകുപ്പിനുണ്ട്. വിവരങ്ങള്‍ക്ക്: www.iist.ac.in

Comments are closed.