ഗാന്ധിയെ വീണ്ടും വീണ്ടും വധിക്കാനുള്ള ശ്രമമാണ് നടക്കുന്നത് ; ടി പദ്മനാഭന്‍

മലപ്പുറം: ഗാന്ധിയെ വീണ്ടും വീണ്ടും വധിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോഡ്സെയ്ക്ക് സമാരകങ്ങള്‍ മാത്രമല്ല അമ്പലങ്ങള്‍ തന്നെ പണിയുന്ന കാലമാണിതെന്നും സാഹിത്യകാരന്‍ ടി. പദ്മനാഭന്‍. സാംസ്‌കാരിക വകുപ്പ് സര്‍വ്വോദയ മണ്ഡലവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന രക്ത സാക്ഷ്യം പരിപാടിയിലെ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സില്‍ ഗാന്ധിയുള്ളവരെയാണ് ഇനി വേണ്ടതെന്നും ലോകരാജ്യങ്ങളില്‍ പോയി ഗാന്ധിജിയെ കുറിച്ച് പറയുന്നതോടൊപ്പം പ്രവൃത്തികളില്‍ ഗാന്ധി ആശയങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഖദീജ മുംതാസ്, അശോകന്‍ ചരുവില്‍, ടി ഡി രാമകൃഷ്ണന്‍ ,പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ ടി.പദ്മനാഭനെ സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശിയും സാഹിത്യകാരന്‍ അശോകന്‍ ചെരുവിലും ആദരിച്ചു. സമ്മേളനത്തില്‍ ഡോ. കെ.പി മോഹനന്‍ അധ്യക്ഷനായ ചടങ്ങില്‍ ഡോ പ്രഭാകരന്‍ പഴശ്ശി, ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് ‘കരിന്തലക്കൂട്ടം’ അവതരിപ്പിക്കുന്ന നാടന്‍പാട്ട് അരങ്ങേറി.

Comments are closed.