ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാൻ സാധ്യതയേറെ: ക്രൂഗ്മാന്‍

ദുബായ്: ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതയേറെയാണെന്ന് വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ പോള്‍ ക്രൂഗ്മാന്‍. ഈ വര്‍ഷാവസാനമോ അടുത്തവര്‍ഷമോ അതു സംഭവിക്കാമെന്നും അദ്ദേഹം പ്രവചിക്കുന്നു.

സാമ്പത്തികനയങ്ങള്‍ രൂപവത്കരിക്കുന്നവര്‍ മാന്ദ്യം മറികടക്കാനും നേരിടാനും ആവശ്യമുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നും ദുബായില്‍നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ക്രൂഗ്മാന്‍ പറഞ്ഞു. സാന്പത്തികരംഗത്ത് തിരിച്ചടി നേരിട്ടുതുടങ്ങുമ്പോള്‍ത്തന്നെ കാര്യക്ഷമമായി പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ നമ്മുടെ പക്കലില്ലെന്നത് ആശങ്കയുണര്‍ത്തുന്നു. നമുക്ക് മികച്ച ഒരു സുരക്ഷാ സംവിധാനമില്ല. വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ക്കുപോലും പലപ്പോഴും വിപണിവ്യതിയാനങ്ങളെ കാര്യക്ഷമമായി നിയന്ത്രിക്കാനാകുന്നില്ല.

വാണിജ്യയുദ്ധങ്ങള്‍ക്കും സ്വപക്ഷവാദത്തിനും പകരം സമ്പദ്വ്യവസ്ഥ മുന്നോട്ടുനയിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്ക് അജന്‍ഡയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. പുരോഗതിയില്ലാത്ത വേതനവ്യവസ്ഥയും വളരുന്ന ലിംഗവിവേചനവും ലോകത്തെ വ്യവസായനേതാക്കന്മാര്‍ക്കിടയിലെ ആത്മവിശ്വാസക്കുറവും ആഗോളീകരണത്തില്‍ വലിയ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. ആഗോളീകരണത്തിന്റെ മുന്നോട്ടുള്ള പോക്കിന്റെ വേഗത്തില്‍ വലിയതോതിലുള്ള കുറവ് സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്നും ക്രൂഗ്മാന്‍ വിശദമാക്കി.

Comments are closed.