വിദേശി കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വീട് വാടകയ്ക്ക് ലഭിക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കുവൈത്ത് സിറ്റി: വിദേശി കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വീട് വാടകയ്ക്ക് ലഭിക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. സ്വദേശി മേഖലയില്‍ നിന്ന് വിദേശി ബാച്‌ലര്‍മാരെ ഒഴിവാക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. അതാത് എംബസികളില്‍ നിന്നോ കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ സാക്ഷ്യപ്പെടുത്തിയതായിരിക്കണം വിവാഹ സര്‍ട്ടിഫിക്കറ്റ്. ഭാര്യയുടെ സിവില്‍ ഐഡിയുടെ കോപ്പിയും അതോടൊപ്പം സമര്‍പ്പിക്കണം. വാടകയ്ക്ക് നല്‍കുന്ന കെട്ടിടത്തിന്റെ പാസി നമ്പര്‍ സഹിതം മേഖലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുകയും വേണം.

സ്വദേശി താമസ മേഖലയിലെ വിലാസത്തിലുള്ള വിദേശി ബാച്‌ലര്‍മാരുടെ താമസാനുമതി രേഖ പുതുക്കി നല്‍കരുതെന്ന് മുനിസിപ്പല്‍ അധികൃതര്‍ നേരത്തെ താമസാനുമതികാര്യ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ച് സ്വദേശി താമസ മേഖലകളിലെ വിദേശി ബാച്‌ലര്‍മാരെ കണ്ടെത്തുന്നതിനും പുറത്താക്കുന്നതിനും മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം രംഗത്തുണ്ട്.

അല്‍ ഷാമി, അല്‍ സുറ എന്നിവിടങ്ങളില്‍ നിയമവിധേയമല്ലാത്ത വിധം താമസിക്കുന്ന ബാച്‌ലര്‍മാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കുവൈത്ത് സിറ്റി ഗവര്‍ണറേറ്റില്‍ അനധികൃത പരസ്യത്തിന് രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

Comments are closed.