മരുഭൂമിയിൽ പൊന്നു വിളയിച്ച് മലയാളി സഹോദരങ്ങള്‍

അബുദാബി: അബുദാബിയില്‍ പൊന്നു വിളയിച്ച് മലയാളി സഹോദരങ്ങള്‍. കൊല്ലം ശൂരനാട് മണ്ണുവിളയില്‍ ജോര്‍ജ്ജ്- കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ സഖറിയാ ജോര്‍ജും ജോര്‍ജ് തോമസുമാണ് അബുദാബി മഫ്‌റഖിലെ ജോലി സ്ഥലത്ത് കൃഷി ചെയ്ത് നൂറുമേനി വിളവെടുക്കുന്നത്. മത്തന്‍, പാവല്‍, പടവലം, പയര്‍, ബീന്‍സ്, വെണ്ട, വഴുതന, തക്കാളി, അമര പയര്‍, മല്ലിച്ചപ്പ്, പുതീന, നിത്യവഴുതന, കാന്താരിയടക്കം വിവിധ തരം പച്ചമുളക് തുടങ്ങി ആവശ്യമായ എല്ലാ പച്ചക്കറികളും 15 വര്‍ഷമായി സ്വന്തമായി കൃഷി ചെയ്തുവരുന്നു.

പച്ചക്കറിത്തോട്ടത്തിന് സ്‌നേഹവും പരിചരണവും ആവോളം നല്‍കിയപ്പോള്‍ പടവലവും മത്സരിച്ചു വളര്‍ന്നു. ഇവരെക്കാള്‍ നീളമുള്ള പടവലമാണ് ഈ തോട്ടത്തില്‍ വിളഞ്ഞു നില്‍ക്കുന്നത്. കേരളത്തിലെ പച്ചപ്പും ഹരിതാഭയും മറന്ന് ഗള്‍ഫിലേക്ക് ചേക്കേറിയ പ്രവാസികള്‍ക്കു മുന്നില്‍ വിസ്മയമാകുകയാണ് ഈ സഹോദരങ്ങളുടെ പച്ചക്കറിത്തോട്ടം.

മഫ്‌റഖിലെ ജോലി സ്ഥലത്തോടു ചേര്‍ന്നുകിടക്കുന്ന സ്ഥലം കമ്പനിയുടെ അനുമതിയോടെ കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു. അഗ്രികള്‍ചര്‍ സാന്‍ഡ് വാങ്ങി നിലമൊരുക്കി. സെപ്റ്റംബറില്‍ വിത്തുപാകി, അവയെല്ലാം മുളച്ചു. വീട്ടില്‍ പാചകത്തിന് ഉപയോഗിക്കുന്ന പച്ചക്കറികളുടെയും മറ്റും അവശിഷ്ടങ്ങളാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നതെന്ന് ജോര്‍ജ് തോമസ് പറഞ്ഞു. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടുവളപ്പിലെ പരിമിതികളില്‍ വിളയിച്ചെടുക്കാമെന്നാണ് ഇരുവരും പ്രവാസികളെ പഠിപ്പിക്കുന്നത്.

മറ്റു രാജ്യങ്ങളിലെ വിത്തുകള്‍ ഇവിടെ പരീക്ഷിച്ചു വിജയിച്ചശേഷം നാട്ടിലും കൊണ്ടുപോയി കൃഷി ചെയ്തതായി സഖറിയാസ് ജോര്‍ജ് പറഞ്ഞു. ജോലിക്കു മുന്‍പും ശേഷവും അര മണിക്കൂര്‍ വീതം കൃഷിക്കായി ചെലവിടുമ്പോള്‍ ടെന്‍ഷന്‍ അകറ്റുമെന്ന് ജോര്‍ജ് തോമസ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെ വിളയിച്ചെടുത്ത പച്ചക്കറികള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സൗജന്യമായി നല്‍കുന്നതാണ് ഇവരുടെ രീതി.

വിത്തുകളും തൈകളും ഫലങ്ങളും മറ്റുള്ളവര്‍ക്കു കൈമാറി ജൈവകൃഷിയുടെ നന്മ മറുനാട്ടിലും പ്രചരിപ്പിക്കുകയാണ് ഈ സഹോദരങ്ങള്‍. കുഞ്ഞുനാളില്‍ മാതാപിതാക്കളില്‍ നിന്നു പകര്‍ന്നു കിട്ടിയ കൃഷിപാഠമാണ് മണലാരണ്യത്തില്‍ പൂത്തു തളിര്‍ത്തതെന്ന് ദാഫിര്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ സ്റ്റോര്‍ കീപ്പര്‍മാരായ സഖറിയയും തോമസും പറയുന്നു.

Comments are closed.