‘കെ.കരുണാകരന്‍ ഒരു ദിവസം മുഖ്യമന്ത്രി ആയി ജനിച്ചു വീണതല്ല’; തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പത്മജ വേണുഗോപാല്‍

കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. കരുണാകരന്റെ മകളാണ് എന്നുള്ള ഒരു അഹങ്കാരവും കാണിച്ചിട്ടില്ലെന്ന് പത്മജ വേണുഗോപാല്‍. താന്‍ കഴിഞ്ഞ പ്രാവശ്യം തൃശൂരില്‍ തോറ്റത് കരുണാകരന്റെ മകള്‍ എന്ന ലേബലില്‍ ആയതുകൊണ്ടാണെന്നും എതിര്‍ സ്ഥാനാര്‍ഥി ഒരു കര്‍ഷകന്റെ മകനാണെന്ന് പറഞ്ഞത് കൊണ്ടാണെന്നും മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഒരു അഹങ്കാരവും കാണിച്ചിട്ടില്ല. പക്ഷെ ഇന്ന് ജനങ്ങള്‍ ഏറ്റവും അധികം സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ മകളാണ് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:

ഇന്ന് ഒരു മാധ്യമ ചര്‍ച്ചയില്‍ ഞാന്‍ കഴിഞ്ഞ പ്രാവശ്യം തൃശ്ശൂരില്‍ തോറ്റത് കരുണാകരന്റെ മകള്‍ എന്ന ലേബലില്‍ ആയതു കൊണ്ടാണെന്നും എതിര്‍ സ്ഥാനാര്‍ഥി അദ്ദേഹം ഒരു കര്‍ഷകന്റെ മകനാണെന്ന് പറഞ്ഞത് കൊണ്ടാണെന്നും പറഞ്ഞിരുന്നു .ഞാന്‍ ഒരിക്കലും ഒരു മുഖ്യമന്ത്രിയുടെ മകള്‍ ആയിരുന്നുവെന്ന് ഒരു അഹങ്കാരവും കാണിച്ചിട്ടില്ല. പക്ഷെ ഇന്ന് ജനങ്ങള്‍ ഏറ്റവും അധികം സ്‌നേഹിക്കുന്ന ഒരു വ്യക്തിയുടെ മകളാണ് എന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു .കെ.കരുണാകരന്‍ ഒരു ദിവസം മുഖ്യമന്ത്രി ആയി ജനിച്ചു വീണതല്ല. ഒരു തൊഴിലാളി പ്രവര്‍ത്തകനായി തുടങ്ങി ഒരു കൗണ്‍സിലര്‍ ആയി ജീവിതം തുടങ്ങിയ ആളാണ്.എല്ലാ കഷ്ടപ്പാടുകളും പറഞ്ഞു തന്നെയാണ് വളര്‍ത്തിയത് .അതുകൊണ്ട് തന്നെ ഉയര്‍ച്ചയില്‍ അഹങ്കരിക്കാറില്ല .വീഴ്ചയില്‍ തളരാറില്ല.

ഞാന്‍ അന്ന് ലോക്‌സഭയില്‍ നിന്നപ്പോള്‍ ഇരുപതില്‍ പത്തൊന്‍പതു പേരും തോറ്റു.എല്ലാവരും മോശമില്ലാത്ത ഭൂരിപക്ഷത്തിനാണു തോറ്റത് .കഴിഞ്ഞ പ്രാവശ്യവും യുഡിഫിന്റെ ഏറ്റവും മോശം സമയത്താണ് ഞാന്‍ മത്സരിച്ചത്. എന്നാലും എനിക്ക് ജയിക്കാമായിരുന്നു. എന്ത് സംഭവിച്ചു എന്ന് പാര്‍ട്ടിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു അച്ചടക്കമുള്ള പ്രവര്‍ത്തക എന്ന നിലയില്‍ ഒന്നും പുറത്തു ഞാന്‍ പറയില്ല. പിന്നെ എനിക്കെതിരെ മത്സരിച്ച അദ്ദേഹം ഇന്ന് മന്ത്രിയാണ്. നാളെ അദ്ദേഹത്തിന്റെ മകന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ മന്ത്രി ആയിരുന്ന ഇന്ന ആളുടെ മകന്‍ എന്ന് പറയുമോ? അതോ ഒരു കര്‍ഷകന്റെ കൊച്ചു മകന്‍ എന്ന് പറയുമോ? ഞാന്‍ അന്ന് മുതല്‍ മുഴുവന്‍ സമയവും തൃശ്ശൂരില്‍ തന്നെയുണ്ട്. അത് എന്റെ തൃശ്ശൂര്‍ക്കാര്‍ക്കു അറിയാം . എനിക്ക് അത് മതി . പിന്നെ ടിവിയില്‍ അധികം വരാറില്ല. തൃശ്ശൂരില്‍ ആയതുകൊണ്ട് അധികം ടിവിയിൽ വരാൻ പറ്റിയില്ല. ഇന്ന് അതൊക്കെ ആണല്ലോ എല്ലാവരും നോക്കുന്നത്. അത് കൊണ്ട് പറഞ്ഞു എന്നേയുള്ളു.എന്നെ വിളിച്ചാല്‍ ഞാന്‍ പോകും. വളരെ വേദനയോടെ ആണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നതു. എന്നെ ആവശ്യമില്ലാത്ത കമെന്റുകള്‍ പറഞ്ഞു വേദനിപ്പിക്കാറുണ്ട് .പക്ഷെ എന്നെ അടുത്തറിയുന്നവര്‍ അതൊന്നും വിശ്വസിക്കില്ല എന്നറിയാം

Comments are closed.