രക്ത പരിശോധനയിലൂടെ ഹൃദയാഘാതം കണ്ടു പിടിക്കാനുള്ള ഉപകരണം; 14 മിനിട്ടിനുള്ളില്‍ ഫലം

തിരുവനന്തപുരം: രക്ത പരിശോധനയിലൂടെ ഹൃദയാഘാതം കണ്ടു പിടിക്കാനുള്ള ഉപകരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും. ആശുപത്രി വികസന സമിതിയുടെ ലാബില്‍ ഇനി മുതല്‍ ഈ ഉപകരണം വഴി അതിവേഗം രോഗം കണ്ടു പിടിക്കാനാകും. 14 മിനിട്ടിനുള്ളില്‍ രോഗ വിവരം അറിയാം.

സാധാരണ ഹൃദയാഘാതം കണ്ടു പിടിക്കാനുള്ള പരിശോധനയില്‍ നാലു മണിക്കൂര്‍ കാത്തിരുന്നാലെ ഫലം ലഭിക്കുകയുള്ളൂ. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് സമയനഷ്ടമില്ലാതെ ഇനി മുതല്‍ രോഗം കണ്ടു പിടിച്ച് ചികിത്സ നല്‍കാനാകും. ഏറ്റവും ആധുനികമായ പോയിന്റ് ഓഫ് കെയര്‍ ടെക്‌നോളജി ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

വന്‍കിട ആശുപത്രികളില്‍ മാത്രമേ നിലവില്‍ ഈ ഉപകരണം ഉപയോഗിക്കുന്നുള്ളൂ. ദിവസേന നൂറുകണക്കിന് രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് കുറേക്കൂടി വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ കോബാസ് എച്ച് 232 എ പുതിയ ഉപകരണം എത്തിയതോടെ കഴിയും.

Comments are closed.