ജെ.ഇ.ഇ. മെയിന്‍ രണ്ടാം പരീക്ഷ: അപേക്ഷിക്കാം മാര്‍ച്ച് ഏഴുവരെ

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (മെയിന്‍) രണ്ടാംപരീക്ഷ ഏപ്രില്‍ ഏഴുമുതല്‍ 20-വരെ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയിലെ ബി.ഇ./ ബി.ടെക്, ബി.ആര്‍ക്ക്/ ബി.പ്ലാനിങ് പ്രവേശനം ജെ.ഇ.ഇ. സ്‌കോര്‍ കണക്കാക്കിയാണ്.

ഉയര്‍ന്ന പ്രായപരിധിയില്ല. യോഗ്യതാ പരീക്ഷ 2017, 2018 വര്‍ഷങ്ങളില്‍ ജയിച്ചവര്‍ക്കും 2019-ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് അഞ്ചുവിഷയങ്ങള്‍ പഠിച്ചിരിക്കണം. ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം.

പരീക്ഷയ്ക്ക് രണ്ടു പേപ്പര്‍. പേപ്പര്‍ ഒന്ന് ബി.ഇ./ ബി.ടെക്. പ്രവേശനത്തിനും പേപ്പര്‍ രണ്ട് ബി.ആര്‍ക്ക്/ ബി.പ്ലാനിങ് പ്രവേശനത്തിനും. സൂചിപ്പിച്ച സ്ഥാപനങ്ങളിലെ സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനവും പേപ്പര്‍ ഒന്നിലെ റാങ്ക് അടിസ്ഥാനമാക്കിയാണ്.

ജെ.ഇ.ഇ.മെയിന്‍ ആദ്യപരീക്ഷ എഴുതിയവര്‍ക്കും രണ്ടാംപരീക്ഷ അഭിമുഖീകരിക്കാം. രണ്ടും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തില്‍ മെച്ചപ്പെട്ട സ്‌കോര്‍ റാങ്കിങ്ങിന് പരിഗണിക്കും.
അപേക്ഷ ഓണ്‍ലൈനായി httsp://jeemain.nic.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് ഏഴിന് രാത്രി 11.50 വരെ നല്‍കാം. ഓണ്‍ലൈനായി മാര്‍ച്ച് എട്ടിന് രാത്രി 11.50 വരെ ഫീസടയ്ക്കാം. ഇ-ചലാന്‍ വഴി മാര്‍ച്ച് എട്ടിന് ബാങ്ക് സമയംവരെയും.

ആദ്യമായി ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷയിലെ പിശകുതിരുത്താന്‍ മാര്‍ച്ച് 11 മുതല്‍ 15 വരെ സൗകര്യമുണ്ടാകും. തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം മാറ്റാന്‍ പറ്റില്ല. അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച് 20 മുതല്‍ ഡൗണ്‍ലോഡുചെയ്യാം.

ഒന്നാംപേപ്പര്‍ ഫലപ്രഖ്യാപനം ഏപ്രില്‍ 30-ഓടെ ഉണ്ടാകും. രണ്ടാം പേപ്പറിന്റേത് മേയ് 15-ഓടെയും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://jeemain.nic.in സന്ദർശിക്കാം.

Comments are closed.