വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിവച്ചനിലയില്‍; അയൽവാസികളായ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

പാലക്കാട് : കുഴൽമന്ദത്തിനു സമീപം ചുങ്കമന്ദത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽപെ‍ാതിഞ്ഞ നിലയിൽ കണ്ടെത്തി. അയൽവാസി ഷൈജുവിന്റെ വീട്ടിൽ നിന്നു നാട്ടുകാരും പെ‍ാലീസുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസികളായ ജിജിഷ്( 27), ഷൈജു( 29) എന്നിവരെ കുഴൽമന്ദം പെ‍ാലീസ് കസ്റ്റഡിയിലെടുത്തു. ആഭരണങ്ങൾ കവർച്ചചെയ്യാനാണ് ഓമനയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. ശനിയാഴ്ച ഉച്ചയേ‍ാടെ വീട്ടിൽ നിന്നു 300 മീറ്റർ അകലെയുളള പാടത്തുപേ‍ായ ചുങ്കമന്ദത്ത് കൂമൻകാവിൽ പൂശാരി പറമ്പിൽ പരേതനായ സഹദേവന്റ ഭാര്യ ഒ‍ാമന( 60)യെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്നു മക്കളായ അയ്യപ്പദാസും അനിലും അയൽക്കാരുടെ സഹായത്തേ‍ാടെ തിരച്ചിലാരംഭിച്ചു. കുഴൽമന്ദം പെ‍ാലീസിനെയും വിവരമറിയിച്ചു.

ഞായറാഴ്ച രാവിലെ സ്വർണ വളകളും മാലയും വിൽക്കാനായി കുഴൽമന്ദത്തെ ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തിലെത്തിയ യുവാക്കളിൽ സംശയം തേ‍ാന്നിയ സ്ഥാപന ഉടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ നാട്ടുകാരും പെ‍ാലീസും നടത്തിയ തിരച്ചിലിലാണു മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയത്. യുവാക്കൾ നിരന്തരം ലഹരിമരുന്നും മദ്യവും ഉപയേ‍ാഗിക്കുന്നവരാണെന്നു പെ‍ാലീസ് പറഞ്ഞു.

Comments are closed.