റഫാൽ: സിഎജി റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ വച്ചേക്കും: സഭ പ്രഷുബ്ധ മാകും

ഡൽഹി : റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ വച്ചേക്കും. സര്‍ക്കാരും സിഎജിയുമായി ആശയവിനിമയം നടത്തി . വ്യോമസേനയുടെ ആയുധഇടപാടുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടെന്നാണ് സൂചന . റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തര ഇടപെടൽ നടത്തിയ വിവരം കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നിന്നു മറച്ചുവച്ചതായി സൂചനയുണ്ട് . പിഎംഒയുടെ ഇടപെടൽ ഒഴിവാക്കുന്നതാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി 2015 ൽ പ്രതിരോധ സെക്രട്ടറി ജി. മോഹൻ കുമാർ അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർക്ക് നൽകിയ കുറിപ്പ്, റഫാൽ സംബന്ധിച്ച കേസ് പരിഗണിച്ച വേളയിൽ സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നില്ല .

റഫാൽ പ്രക്ഷോഭം ആളിക്കത്തിച്ച കോൺഗ്രസ്, വരും ദിവസങ്ങളിൽ ഇക്കാര്യവും പാർലമെന്റിൽ ഉന്നയിക്കും. രേഖകൾ സർക്കാർ മറച്ചുവച്ചുവെന്നും അവ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിൽ റഫാൽ കേസിലെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു .

യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ചർച്ചകളിൽ അതിനു നിയോഗിക്കപ്പെടുന്ന സമിതിക്കല്ലാതെ മറ്റാർക്കും പ്രധാനമന്ത്രി ഉൾപ്പെടെ ഇടപെടാനാവില്ലെന്നാണു ചട്ടം . പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെട്ട സമിതിയിലെ അംഗങ്ങൾ തങ്ങളുടെ അറിവിന്റെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തിലാണു ചർച്ചകൾ നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർ സമാന്തരമായി നടത്തിയ ചർച്ചയിൽ, പ്രതിരോധ മേഖലയുടെ താൽപര്യം എത്രത്തോളം സംരക്ഷിക്കപ്പെട്ടുവെന്ന ചോദ്യം പ്രസക്തം. സമാന്തര ചർച്ച ഇന്ത്യയുടെ നിലയെ ഗുരുതരമായി ബാധിക്കുമെന്നു പ്രതിരോധ സെക്രട്ടറി കുറിച്ചിട്ടതിന്റെ അടിസ്ഥാനവും ഇതാണ്.

Comments are closed.