സദാചാര ഗുണ്ടായിസം : ദമ്പതികളെ രാത്രി വഴിയിൽ തടഞ്ഞ്വച്ചു

ആലപ്പുഴ : ദമ്പതികളെ രാത്രി വഴിയിൽ തടഞ്ഞ് ആലപ്പുഴ കൈനകരിയിൽ സദാചാര ഗുണ്ടായിസം അരങ്ങേറി . റോഡരികിൽ വാഹനം നിർത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ, രണ്ടുപേർ ചേർന്ന് തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ദമ്പതികൾക്ക് ദുരനുഭവം ഉണ്ടായത്. ബൈക്ക് വഴിയരികിൽ നിർത്തി, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മൂന്നാം വാർഡ് സ്വദേശി വിജി, ഭാര്യ സ്മിത എന്നിവരെ വഴിയാത്രക്കാരായ രണ്ടുപേർ ചോദ്യം ചെയ്യുകയായിരുന്നു.

 

തങ്ങൾ ഭാര്യ ഭർത്താക്കന്മാരാണെന്ന് ഇവർ ആവർത്തിച്ചു പറയുന്നത് മൊബൈൽ ഫോൺ ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, സംശയം ഉന്നയിച്ച് യാത്രക്കാരിരുവരും ചേർന്ന് ദമ്പതികളെ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. നെടുമുടി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അരമണിക്കൂറിനു ശേഷമാണ് സഹായം ലഭിച്ചത്. ദമ്പതികൾ കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊങ്ങ മണ്ണടിച്ചിറ വീട്ടിൽ സാംകുമാർ, കൈനകരി കുട്ടമംഗംലം നിഖിൽ ഭവനിൽ നരേന്ദ്രൻ എന്നിവരെ രാത്രിതന്നെ പൊലീസ് അറസ്റ്റുചെയ്തു. ഇരുവരേയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Comments are closed.