ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഉദരത്തില്‍ ഡോക്ടർ മറന്നു വച്ച ചവണ മൂന്നുമാസത്തിനുശേഷം പുറത്തെടുത്തു

ഹൈദരാബാദ്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഉദരത്തില്‍ അബദ്ധവശാല്‍ അകപ്പെട്ട ഉപകരണം മൂന്നുമാസത്തിനു ശേഷം മറ്റൊരു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ആശുപത്രിയില്‍ നിന്ന് മടങ്ങിയ ശേഷവും കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടറെ സമീപിക്കുകയായിരുന്നു.

ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് 33 കാരിയായ രോഗിയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന ചവണ (forceps) ഡോക്ടര്‍ മറന്നു വെച്ചത്. വെള്ളിയാഴ്ച നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ ചവണ കണ്ടെത്തി. ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്തു.

തങ്ങളുടെ പ്രാഥമിക പരിഗണന രോഗിക്കാണെന്നും അതുകൊണ്ടാണ് പിഴവ് കണ്ടെത്തിയ ഉടനെ തന്നെ ഉപകരണം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് നിംസിന്റെ ഡയറക്ടര്‍ കെ.മനോഹര്‍ അറിയിച്ചു. ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിലെ സര്‍ജനെതിരെ അന്വേഷണത്തിനായി കമ്മിറ്റി രൂപീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Comments are closed.