പെറ്റിക്കേസില്‍ കുടുങ്ങുന്ന ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ കയറാന്‍ മടിക്കുന്ന ഭാര്യമാര്‍ക്ക് ഇത് മാതൃക; പ്രിയങ്ക ഗാന്ധിയെ ട്രോളി ജോയ് മാത്യു

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ട്രോളി നടനും സംവിധായകനുമായ ജോയ് മാത്യു. പെറ്റിക്കേസില്‍ കുടുങ്ങുന്ന ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ കയറാന്‍ ഭാര്യമാര്‍ മടിക്കുമ്പോഴാണ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഭര്‍ത്താവിനെ കൊണ്ടുവിട്ടശേഷം പാര്‍ട്ടി ഓഫീസിലെത്തി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന പ്രിയങ്ക ഗാന്ധി മാതൃകയാകുന്നതെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യം ഭരിക്കാന്‍ ഇതില്‍പ്പരം യോഗ്യത എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേയ്സ്ബുക് കുറിപ്പ്:

സൈക്കിളില്‍ ഡബിള്‍ അടിക്കുക, മദ്യപിച്ചു വണ്ടിയോടിക്കുക, നക്കാ പിച്ച കൈക്കൂലിവാങ്ങുക തുടങ്ങിയ പെറ്റികേസുകളില്‍ കുടുങ്ങുന്ന ഭര്‍ത്താക്കന്മാര്‍ക്ക് പോലീസ് സ്റ്റേഷന്‍ വരെയെങ്കിലും കൂട്ടുവരാന്‍ നമ്മുടെയൊക്കെ ഭാര്യമാര്‍ മടിക്കുന്നിടത്താണ് ഒരു ഭാര്യ നമുക്ക് മാതൃകയായി മാറിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ സ്വന്തം ഭര്‍ത്താവിനെ എന്‍ഫോഴ്സ്മെന്റ് ആപ്പീസില്‍ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത തന്റെ പാര്‍ട്ടിയാപ്പീസില്‍ എത്തി അണികളുടെ ആവേശതിമിര്‍പ്പിനിടയില്‍ ജനറല്‍ സെ ട്ടറിയുടെ ചുമതയേറ്റത്.
രാജ്യം ഭരിക്കാന്‍ ഇതില്‍പ്പരം യോഗ്യത എന്ത് വേണ്ടൂ! ഇത് ഭാരത ഭാര്യമാര്‍ക്ക് ഒരു മാതൃകയാവട്ടെ!

Comments are closed.