“ഞാന്‍ എന്നും കണ്ണാടി നോക്കാറുണ്ട്. എന്റെ തടി കൂടുന്നത് എനിക്കതില്‍ കാണാം. Exercise ചെയ്താല്‍ തടി കുറയ്ക്കാന്‍ കഴിയുമെന്നും എനിക്കറിയാം”; ഫേസ്ബുക്ക് കുറിപ്പ് വൈറൽ

ഒരാളെ കാണുമ്പോള്‍ തടി കൂടിയല്ലോ, കുറഞ്ഞല്ലോ എന്നൊക്കെയായിരിക്കും പലപ്പോഴും സംഭാഷണം തുടങ്ങുന്നത്. എന്നാല്‍ ആ കൂടിക്കാഴ്ചയുടെ സന്തോഷം മുഴുവന്‍ ഇല്ലാതാക്കാനും ആ ഒരു ചോദ്യം മതിയാകും. ഇത്തരം നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ എന്തിനാണ് സംസാരിച്ച് തുടങ്ങുന്നതെന്നാണ് താര നന്ദിക്കര ചോദിക്കുന്നത്.

തനിക്ക് തടി കൂടുതലാണ് എന്ന് തനിക്കറിയാമെന്നും വ്യായാമം ചെയ്താല്‍ അത് കുറയുമെന്ന് അറിയാമെന്നും അത് ഇടയ്ക്കിടെ പറയണമെന്നില്ലെന്നും താര പോസ്റ്റില്‍ വ്യക്തമാക്കുന്നു. വേറൊരാളുടെ ശരീരത്തിനെ പറ്റി കമന്റ് ചെയ്യുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും എന്ന് ഓര്‍മിപ്പിക്കാനാണ് ഈ പോസ്റ്റ്. കരുതി കൂട്ടി വിഷമിപ്പിക്കാന്‍ വേണ്ടി ചോദിക്കുന്നവരോട്, ‘ഞാന്‍ നിങ്ങളേക്കാളും നല്ല അടിപൊളിയായിട്ടാണ് ജീവിക്കുന്നത്” എന്നും താര എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

ഏഴെട്ടു മാസത്തിനു ശേഷം കണ്ട ഒരടുത്ത ബന്ധുവിന്റെ വായില്‍ നിന്ന് ആദ്യം വീണ വാചകം: ‘നീ പിന്നേം തടിച്ചൂലോടീ!’ പ്രായായ ആള്‍ക്കാരല്ലേ, വിവരല്ല്യാത്തോരല്ലേ എന്നൊക്കെ പറയാന്‍ വരട്ടെ. എന്റെ അതേ പ്രായം ആണ് ഈ ചോദിച്ച ആള്‍ക്ക്. PhD ഒക്കെ ഉണ്ട്. അപ്പോള്‍ വിദ്യാഭ്യാസത്തിനും കൊറവൊന്നൂല്ല്യ. പിന്നെന്തു കൊണ്ടാണ് ഒരാളെ ഒരുപാട് കാലത്തിനുശേഷം കാണുമ്പോള്‍ അയാള്‍ക്ക് സന്തോഷം കൊടുക്കാത്ത ഒരു കാര്യം വെച്ച് സംഭാഷണം തുടങ്ങരുതെന്ന ബോധം മിക്കവര്‍ക്കും ഇല്ല്യാത്തത്? ‘കഴിഞ്ഞ തവണ കണ്ടപ്പോള്‍ നല്ല മുടിയുണ്ടായിരുന്ന നീ ഇപ്പോള്‍ പകുതി കഷണ്ടി ആയീലോ’ എന്ന് തിരിച്ചു പറയാതിരിക്കാനുള്ള വിവേകം ഉള്ളതു കൊണ്ട് എന്തോ ഒരൊഴുക്കന്‍ മറുപടി പറഞ്ഞ് ഞാന്‍ അത് വിട്ടു.

മിക്ക കൂടിക്കാഴ്ചകളിലെയും ‘conversation opener’ ശരീരത്തിനെക്കുറിച്ചുള്ള കമന്റുകള്‍ ആയിപ്പോകുന്നത് എന്തു കൊണ്ടാണ്? ഇങ്ങനത്തെ കമന്റുകള്‍ മനുഷ്യനെ down ആക്കുന്നത് കുറച്ചൊന്നുമല്ല. ഈ വക കമന്റുകള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രം പലരും ബാംഗ്ലൂരില്‍ വരുമ്പോഴോ ഞാന്‍ നാട്ടില്‍ ഉണ്ടെന്നറിഞ്ഞ് കാണാമെന്ന് പറയുമ്പോഴോ മറ്റു പല കാരണങ്ങളും പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട് (അങ്ങനത്തെ കമന്റുകള്‍ പറയാന്‍ സാധ്യതയുള്ള സുഹൃത്തുക്കളെയും പരിചയക്കാരെയും തിരിച്ചറിഞ്ഞ് ബോധപൂര്‍വമുള്ള ഒഴിവാക്കല്‍).

ഞാന്‍ എപ്പോള്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുമ്പോഴും അപ്പോള്‍ തന്നെ ഫോണ്‍ വിളിച്ച്, ‘നിന്റെ ഫോട്ടോസൊക്കെ നന്നാവണത് ഗൗതമിന് നന്നായി ഫോട്ടോ എടുക്കാന്‍ അറിയുന്നതു കൊണ്ടു മാത്രമാണെന്നും അല്ലാതെ നിന്നെ കാണാന്‍ നന്നായതു കൊണ്ടല്ല’ എന്നും ഒരോ തവണയും വിളിച്ചോര്‍മ്മിപ്പിക്കുന്ന ഒരു സുഹൃത്തുണ്ട്. എനിക്ക് വളരെ ഇഷ്ടമുള്ള സുഹൃത്താണെങ്കില്‍ കൂടിയും അത് തമാശയാണെന്ന് തെറ്റിദ്ധരിച്ചിട്ടാണ് അവള്‍ പറയുന്നത് എന്നറിയാമെങ്കില്‍ കൂടിയും എനിക്കത് വളരെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. കഴിഞ്ഞ മാസവും ഇതാവര്‍ത്തിച്ചതപ്പോള്‍ എനിക്കിത് അവളോട് പറയേണ്ടി വന്നു. എന്തെങ്കിലും തമാശ പറഞ്ഞു സംസാരിച്ചു തുടങ്ങണ്ടേ എന്നായിരുന്നു മറുപടി. കേള്‍ക്കുന്നയാള്‍ക്ക് ആസ്വദിക്കാന്‍ കഴിയാത്ത തമാശകള്‍ പറയാതിരിക്കാനുള്ള വിവേകം മനുഷ്യര്‍ക്ക് ഉണ്ടാവുന്നത് നല്ലതാണ്. അത് conversation starters ആയിട്ടെങ്കിലും ഉപയോഗിക്കാതെ ഇരിക്കുന്നത് നന്നാവും.

ഏത് കല്യാണത്തിനു കാണുമ്പോഴും എന്റെ തടിയെ പറ്റി പറയുന്ന വേറൊരു അടുത്ത ബന്ധുവുണ്ട്. ഞാന്‍ കഷ്ടപ്പെട്ട് തടി കുറച്ച സമയത്തൊക്കെ ഇവരെ കാണുമ്പോള്‍ ഇവര്‍ എന്തെങ്കിലും പറയുമോ എന്നറിയാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അപ്പോള്‍ സംഭാഷണത്തിലെവിടെയും തടി എന്ന വാക്കു പോലും ഉണ്ടാവാറില്ല.

ഇത്രയും പറഞ്ഞത് എന്നോട് ഫോട്ടോ കാണുമ്പോഴും നേരിട്ടും ‘അയ്യോ! നല്ലോണം തടിച്ചൂലോ, തടി കുറയ്ക്കാന്‍ exercise എന്തെങ്കിലും ചെയ്തൂടേ?’ തുടങ്ങിയ വകതിരിവില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും യാതൊരു പരിചയവും ഇല്ലാത്ത സോഷ്യല്‍ മീഡിയയില്‍ മാത്രം കണ്ടിട്ടുള്ളവരും അറിയാന്‍ വേണ്ടിയിട്ടാണ്. ഞാന്‍ എന്നും കണ്ണാടി നോക്കാറുണ്ട്. വലിയ കണ്ണാടിയാണ്. എന്റെ തടി കൂടുന്നത് എനിക്കതില്‍ കാണാം. Exercise ചെയ്താല്‍ തടി കുറയ്ക്കാന്‍ കഴിയും എന്നും എനിക്കറിയാം. ഈ ചോദിക്കുന്നവരില്‍ പലരും ഒരു ദുരുദ്ദേശവുമില്ലാതെ വളരെ casual ആയിട്ടോ തമാശ മട്ടിലോ എന്നോടുള്ള കരുതല്‍ കൊണ്ടോ (ഈ minority യെ എനിക്ക് അറിയാം) ഇതു ചോദിക്കുന്നത് എന്നറിയാഞ്ഞിട്ടല്ല, വേറൊരാളുടെ ശരീരത്തിനെ പറ്റി കമന്റ് ചെയ്യുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും എന്ന് ഓര്‍മിപ്പിക്കാനാണ് ഈ പോസ്റ്റ്. കരുതി കൂട്ടി വിഷമിപ്പിക്കാന്‍ വേണ്ടി ചോദിക്കുന്നവരോട്, ‘ഞാന്‍ നിങ്ങളേക്കാളും നല്ല അടിപൊളിയായിട്ടാണ് ജീവിക്കുന്നത്. Deal with it!’

Comments are closed.