ഐസിസി വിലക്കിയതിന് പിന്നാലെ അണ്ടർ 19 ലോകകപ്പ് വേദി കൂടി ശ്രീലങ്കയ്ക്ക് നഷ്ടമായി. ലങ്കയ്ക്ക് പകരം ദക്ഷിണാഫ്രിക്ക കുട്ടി ലോകകപ്പിന് ആതിഥേയത്വം വഹിക്കും.
കായിക മേഖലയിലെ സർക്കാർ ഇടപെടൽ മൂലമാണ് ശ്രീലങ്കൻ ബോർഡിന് ഐസിസി വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെയാണ് ജനുവരി 14ന് തുടങ്ങി ഫെബ്രുവരി 15 വരെ നീളുന്ന കുട്ടി ലോകകപ്പ് ലങ്കയ്ക്ക് നഷ്ടമായത്.
ഏകദിന ലോകകപ്പിലെ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ലങ്കൻ സർക്കാർ ബോർഡ് പിരിച്ചുവിട്ടത്. മുൻ നായകൻ അർജുന രണതുംഗ നേതൃത്വം നൽകുന്ന സമിതിയെ ബോർഡിന്റെ ചുമതലകൾ സർക്കാർ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ ഐസിസി മാനദണ്ഡങ്ങൾ പ്രകാരം ക്രിക്കറ്റ് ബോർഡുകൾ സ്വതന്ത്രമായി നിൽക്കേണ്ട സമിതിയാണ്.