തൃശ്ശൂര്‍: വിവേകോദയം ബോയ്‌സ് സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ പൂര്‍വവിദ്യാര്‍ഥി ജഗന്‍ എയര്‍പിസ്റ്റള്‍ വാങ്ങിയത് തൃശ്ശൂരിലെ കടയില്‍നിന്നാണെന്ന് കണ്ടെത്തി. തൃശ്ശൂരിലെ ‘ഗണ്‍ബസാറി’ല്‍നിന്ന് സെപ്റ്റംബര്‍ 28-നാണ് ജഗന്‍ 1500 രൂപ നല്‍കി എയര്‍പിസ്റ്റള്‍ വാങ്ങിയത്. ഈ തോക്കുമായെത്തിയാണ് ചൊവ്വാഴ്ച രാവിലെ ഇയാള്‍ സ്‌കൂളില്‍ വെടിയുതിര്‍ത്തത്.
അതിനിടെ, ജഗനെതിരേ നേരത്തെയും പോലീസില്‍ പരാതി ലഭിച്ചിരുന്നതായി വിവരമുണ്ട്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നരീതിയില്‍ ബഹളംവെച്ചതിന് മെയ് 18-നാണ് ഇയാള്‍ക്കെതിരേ മണ്ണുത്തി പോലീസില്‍ പരാതി കിട്ടിയത്. തുടര്‍ന്ന് ഇയാളെ പോലീസ് കരുതല്‍ തടങ്കലിലെടുത്തിരുന്നതായാണ് വിവരം.
ചൊവ്വാഴ്ച രാവിലെയാണ് പൂര്‍വവിദ്യാര്‍ഥിയായ ജഗന്‍ സ്‌കൂളിലെത്തി എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. ആദ്യം സ്റ്റാഫ് റൂമിലെത്തിയ ഇയാള്‍ രണ്ടുവര്‍ഷംമുന്‍പ് തന്റെ കൈയില്‍നിന്ന് വാങ്ങിവെച്ച തൊപ്പി വേണമെന്നാണ് ആവശ്യപ്പെട്ടത്. മുന്‍പ് പഠിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെയും പേരെടുത്ത് തിരക്കി. ഇവര്‍ എവിടെയാണെന്നായിരുന്നു ചോദ്യം. പിന്നാലെ അധ്യാപകരെ ഭീഷണിപ്പെടുത്തി. ബാഗില്‍നിന്ന് തോക്കെടുത്ത ഇയാള്‍ സ്‌കൂള്‍ കത്തിക്കുമെന്ന് പറഞ്ഞാണ് സ്റ്റാഫ്‌റൂമില്‍നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് പ്ലസ്ടു ക്ലാസുകളില്‍ കയറി എയര്‍പിസ്റ്റര്‍ ഉപയോഗിച്ച് മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.