ഇന്ത്യയുടെ തോൽവി സഹിക്കാൻ കഴിഞ്ഞില്ല; ഹൃദയാഘാതമേറ്റ് യുവാവ് മരിച്ചു

വിജയവാഡ: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി താങ്ങാനാകാത്തതിനെത്തുടര്‍ന്ന് 35കാരന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് വിജയവാഡ തിരുപ്പതി സ്വദേശി ജ്യോതിഷ് കുമാർ യാദവാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇയാൾക്ക് 35 വയസുണ്ട്.

ബംഗളൂരു സോഫ്റ്റ് വെയർ എഞ്ചിനിയറാണ് ഇദ്ദേഹം. ദീപാവലി അവിധിക്കായി നാട്ടിലെത്തിയതായിരുന്നു ജ്യോതിഷ് കുമാർ. തിരിച്ച് ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. കുടുംബക്കാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ടിവിയിലൂടെയാണ് ജ്യോതിഷ് കുമാർ കളി കണ്ടിരുന്നത്.

മത്സരം കഴിഞ്ഞതിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെടുകയും തുടർന്ന് തളർന്ന് വീഴുകയും ചെയ്തു. ഉടനെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി. ഇന്ത്യയുടെ ഇന്നിങ്‌സ് 240ൽ അവസാനിച്ചതിന് പിന്നാലെ ജ്യോതിഷ് കടുത്ത ഉത്കണ്ഠയിലും മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ആസ്‌ട്രേലിയയുടെ മറുപടി ബാറ്റിങിൽ മൂന്ന് വിക്കറ്റുകൾ വീണപ്പോൾ ജ്യോതിഷ് സന്തോഷവാനായിരുന്നു. എന്നാൽ ആസ്‌ട്രേലിയ വിജയലക്ഷ്യത്തിലോട്ട് അടുക്കുംതോറും ഇദ്ദേഹത്തിന് അസ്വസ്ഥകൾ അനുഭവപ്പെട്ട് തുടങ്ങുകയായിരുന്നു. തുടർന്നാണ് നെഞ്ച് വേദന അനുഭവപ്പെടുകയും തളർന്ന് വീഴുകയും ചെയ്തത്.

Leave A Reply