‘ജവാൻ’ അറ്റ്ലിക്ക് നൽകിയ വൻ വിജയം, അവർത്തിക്കുമോ പാ രഞ്ജിത് ? സൂപ്പർ താരം നായകനാകും !

തമിഴിലെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനാണ് പാ രഞ്ജിത്ത്. പറഞ്ഞ പ്രമേയം കൊണ്ടും ചെയ്ത സിനിമകൾ കൊണ്ടും ശ്രദ്ധനേടിയ സംവിധായകന്റേതായി റിലീസിന് ഒരുങ്ങുന്നത് തങ്കളാൻ ആണ്. വിക്രം ഏറെ വ്യത്യസ്തമായ വേഷത്തിൽ എത്തുന്ന തങ്കളാൻ അടുത്ത വർഷം തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ പാ രഞ്ജിത്ത് ബോളിവുഡിലേക്ക് പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ‌‌

ഏതാനും നാളുകൾക്ക് മുൻപ് പാ രഞ്ജിത് ബോളിവുഡിൽ സിനിമ സംവിധാനം ചെയ്യുന്നു എന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഈ അഭ്യൂഹങ്ങൾ സ്ഥിരീകരിച്ചിരിക്കുകയാണ് നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ. തങ്കളാന് ശേഷം പാ രഞ്ജിത് ബോളിവുഡ് സിനിമ സംവിധാനം ചെയ്യുമെന്നും അത് താനാകും നിർമിക്കുക എന്നും ജ്ഞാനവേൽ പറഞ്ഞിരുന്നു. ഒരഭിമുഖത്തിൽ ആയിരുന്നു നിർമാതാവിന്റെ വെളിപ്പെടുത്തൽ. ബോളിവുഡിലെ ഒരു സൂപ്പർ താരം ആകും നായകനായി എത്തുകയെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

ഷാരൂഖ് ഖാൻ നായകനായി എത്തിയ ജവാനിലൂടെ അറ്റ്ലി ബോളിവുഡിൽ ചുവടുറപ്പിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് പുത്തൻ ദൃശ്യവിരുന്ന് ബോളിവുഡിന് സമ്മാനിക്കാൻ പാ രഞ്ജിത്ത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, തങ്കളാന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ചിത്രം ജനുവരി 26ന് റിലീസ് ചെയ്യും. വിക്രമിനൊപ്പം മാളവിക മോഹനൻ, പാർവതി തിരുവോത്ത്, മുത്തു കുമാർ, പശുപതി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തും. ചിത്രത്തിൽ വിക്രത്തിന്റെ കഥാപാത്രം സംസാരിക്കില്ലെന്നാണ് വിവരം.

Leave A Reply