മുടി വെട്ടിയത് നന്നായില്ലെന്ന് കസ്റ്റമര്‍, എന്നാൽ വേറെ കടയിൽ പോകൂവെന്ന് മറുപടി; ബാര്‍ബര്‍ക്ക് മര്‍ദ്ദനം
കണ്ണൂർ : മുടി വെട്ടിയത് ശരിയായില്ലെന്നാരോപിച്ച് പയ്യന്നൂരിൽ ബാർബര്‍ക്ക് മർദ്ദനം. പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ആർട്ട് ബ്യൂട്ടി സെന്റർ ഉടമ സുരേഷിനാണ് മർദനമേറ്റത്. മുത്തത്തി സ്വദേശി ഉമേഷിനെതിരെ, സുരേഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സുരേഷിന്റെ കടയിൽ ഇടയ്ക്കിടെ ഉമേഷ് വരാറുണ്ടായിരുന്നു. അതിനാൽ ഇക്കഴിഞ്ഞ 14 ന് മുടിവെട്ടാൻ ഉമേഷെത്തിയപ്പോൾ എങ്ങനെ വെട്ടണമെന്ന കാര്യത്തിൽ ബാർബർ സുരേഷിന് സംശയമുണ്ടായില്ല. എന്നാൽ മുടിവെട്ടാൻ തുടങ്ങിയപ്പോഴേക്കും ഉമേഷ് പ്രശ്നമുണ്ടാക്കി. വെട്ടുന്നത് ശരിയല്ലെന്നായിരുന്നു ആരോപണം. കഴിഞ്ഞ തവണ വെട്ടിയതും തനിക്ക് ഇഷ്ട്ടപ്പെട്ടില്ലെന്ന് പറഞ്ഞ ഉമേഷിനോട് വേറെ കടയിൽ പൊക്കോളൂവെന്ന് സുരേഷ് മറുപടി നൽകി. ഇത് ഉമേഷിനെ ചൊടിപ്പിച്ചു.
തുണിയിൽ നിന്ന് മുടി കളയുന്നതിനിടെ അയാൾ ചെവിയുടെ ഭാഗത്തു അടിച്ചുവെന്നും അടിയുടെ ശക്തിയിൽ താഴെ വീണുവെന്നും സുരേഷ് പറയുന്നു. കടയിലുണ്ടായിരുന്ന കസേരയും ഫോണും പൊട്ടി. അക്രമത്തിന് തൊട്ടുപിന്നാലെ ഉമേഷ് ക്ഷമാപണവും നടത്തി. ഇരുവരും തമ്മിൽ മുൻപ് പ്രശ്നങ്ങൾ ഇല്ല. അക്രമത്തിൽ കേൾവിക്ക് ചെറിയ തകരാര്‍ സംഭവിച്ചതായി സുരേഷ് പറയുന്നു. സംഭവത്തിൽ പയ്യന്നൂർ പൊലീസിൽ ഉമേഷിനെതിരെ പരാതി നൽകിയിട്ടുണ്ട്.