ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ തയാറെടുത്ത് ഖത്തർ ടൂറിസം

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ തയാറെടുത്ത് ഖത്തർ ടൂറിസം.പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഖത്തർ ടൂറിസവും ചേർന്നാണ് കൂടുതൽ ഇക്കോ ടൂറിസം ഇടങ്ങൾ വികസിപ്പിക്കുന്നത്. അടുത്തിടെ മന്ത്രാലയത്തിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് ചർച്ച ചെയ്തത്. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ.ഫലേഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനിയും ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി ബിൻ സാദ് അൽ ഖർജിയും പങ്കെടുത്തു.മണൽക്കൂനകൾ, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ തുടങ്ങിയവ ഇക്കോ ടൂറിസത്തിനായി പ്രയോജനപ്പെടുത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. പരിസ്ഥിതിക്ക് മാത്രമല്ല സമ്പദ് വ്യവസ്ഥയ്ക്കും സംസ്‌കാരത്തിനും ഇക്കോ ടൂറിസം ഗുണകരമാണ്.

രാജ്യത്തെ ബീച്ചുകളും റിസോർട്ടുകളും കൂടുതൽ വികസിപ്പിച്ചതോടെ ടൂറിസം മേഖലയിൽ  വളർച്ച കൈവരിച്ചതായി അൽ ഖുവാരി ചൂണ്ടിക്കാട്ടി. ദോഹയിൽ നിന്ന് 40 കിലോമീറ്റർ അകലെ റൗദത്ത് റാഷിദിൽ സ്ഥിതി ചെയ്യുന്ന ദഹൽ അൽ മിസ്ഫിർ ഗുഹയാണ് രാജ്യത്തെ ഏറ്റവും പ്രശസ്ത ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലൊന്ന്. 40 മീറ്ററാണ് ഇവിടുത്തെ ഗുഹയുടെ ആഴം. ഖോർ അൽ ഉദെയ്ദ്, ബിൻ ഗാനം ദ്വീപ്, മരങ്ങളും സമതല പ്രദേശങ്ങളും നിറഞ്ഞ അൽ ഷിഹാനിയയിലെ അൽ മസാബിയ, കണ്ടൽകാടുകൾ നിറഞ്ഞ അൽ ദഖീറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശകരുടെ ഇഷ്ട കേന്ദ്രങ്ങളിൽ ചിലതാണ്.

Leave A Reply