മണിപ്പൂരിൽ വീണ്ടും അക്രമം. കാങ്പോക്പി ജില്ലയിൽ തിങ്കളാഴ്ച ജവാനും ഡ്രൈവറും തീവ്രവാദി വിഭാഗത്തിൽപ്പെട്ടവരെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് മരിച്ചു.ഗോത്രവർഗക്കാരായ ഇരുവരും വാഹനത്തിൽ പോകുമ്പോൾ ഹരോതെൽ, കൊബ്ഷ ഗ്രാമങ്ങൾക്കുസമീപം ഇംഫാൽ ആസ്ഥാനമായ ഭൂരിപക്ഷ വിഭാഗക്കാരുടെ തീവ്രവാദി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ (ഐ.ആർ.ബി) ജവാനാണ്.
സംസ്ഥാനത്ത് വംശീയ കലാപം നടക്കുന്നതിനിടെ സംഭവം നടന്ന സിങ്ധ അണക്കെട്ടിന് സമീപം ഗോത്രവർഗക്കാർ പലതവണ അക്രമണത്തിന് ഇരയായിരുന്നു. അതേസമയം, പ്രകോപനമില്ലാതെ കുക്കി വിഭാഗക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് ഗോത്രവർഗക്കാരുടെ സംഘടന സി.ഒ.ടി.യു ആരോപിച്ചു.