അപ്പാവാ വിജയ് എവളോ സന്തോഷപ്പെടും; അഭിമാനിക്കാനുള്ളത് വരുന്നു, ജേസണ്‍ സഞ്ജയെ കുറിച്ച് പ്രഭു ദേവ

ദളപതി വിജയ് കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമാലോകത്ത് എത്തുകയാണ്. മറ്റാരുമല്ല വിജയിയുടെ മകൻ ജേസണ്‍ സഞ്ജയ്. എന്നാൽ വിജയിയെ പോലെ അഭിനയ രം​ഗത്തേക്കല്ലെന്ന് മാത്രം. ജേസണ്‍ സഞ്ജയ് സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലവിൽ തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ് താരപുത്രൻ. ഇപ്പോഴിതാ അക്കാര്യത്തെ കുറിച്ച് നടനും കൊറിയോ​ഗ്രാഫറുമായ പ്രഭുദേവ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തമിഴ് ബിഹൈൻഡ് വുഡ്സ് ടിവിയോട് ആയിരുന്നു പ്രഭുദേവയുടെ പ്രതികരണം. ‘വിജയിയുമായി ഞാൻ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ സിനിമ സംവിധാനം ചെയ്യുകയാണ്. ജീവിതം എങ്ങനെ മാറുന്നുവെന്ന് നോക്കൂ. ജേസണ്‍ സഞ്ജയെ കുറിച്ച് ആലോചിക്കുമ്പോൾ ഞാന്‍ വളരെ സന്തോഷവാനാണ്. എനിക്ക് ഇത്രയും സന്തോഷം ഉണ്ടെങ്കിൽ, അവന്റെ അച്ഛന്‍ വിജയ് എത്ര സന്തോഷവാനായിരിക്കും എന്ന് ഓർത്ത് നോക്കൂ. അഭിമാനിക്കാനുള്ളത് വരുന്നുണ്ട്’, എന്നാണ് പ്രഭുദേവ പറഞ്ഞത്.

2023 ഓ​ഗസ്റ്റിലാണ് ജേസണ്‍ സഞ്ജയ്‍ ബി​ഗ് സ്ക്രീനിൽ എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും വാർത്ത വന്നു. പിന്നാലെ എ​ഗ്രിമെന്റിൽ സഞ്ജയ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ധ്രുവ് വിക്രം ആകും ചിത്രത്തിൽ നായകനാകുന്നത് എന്നാണ് വിവരം. പക്ഷേ ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. എസ് ഷങ്കറിന്റെ മകൾ അദിതിയാണ് നായിക എന്നും വിവരമുണ്ട്. എ ആർ റഹ്മാന്റെ മകൻ അമീൻ ആകും സം​ഗീതം ഒരുക്കുക എന്നും റിപ്പോർട്ടുണ്ട്. വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ച ജയ്സൺ, ടൊറന്‍റോ ഫിലിം സ്കൂളില്‍ ഫിലിം പ്രൊഡക്ഷനും ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും എടുത്തിരുന്നു.

 

Leave A Reply