അൽ ശിഫയിൽനിന്ന് 31 നവജാതരെ ഒഴിപ്പിച്ചു

ഖാൻ യൂനിസ്: ഗാസയിലെ അൽ ശിഫ ആശുപത്രിയിലുണ്ടായിരുന്ന, വളർച്ചയെത്താതെ പിറന്ന 31 കുഞ്ഞുങ്ങളെയും ഞായറാഴ്ച ഒഴിപ്പിച്ചു. ഇവരെ ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകും.

അടിസ്ഥാനസൗകര്യങ്ങളെല്ലാം നിലച്ചതിനാൽ ഈ മാസം 11-ന് അൽ ശിഫ ആശുപത്രി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന എട്ടുകുഞ്ഞുങ്ങൾ മരിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിൽ ശനിയാഴ്ച ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) സംഘം ‘മരണ മേഖല’ എന്നാണ് അൽ ശിഫയെ വിളിച്ചത്.

ഡബ്ല്യു.എച്ച്.ഒ. ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭാ (യു.എൻ.) ഏജൻസികളുടെ സഹകരണത്തോടെയാണ് കുഞ്ഞുങ്ങളെ ഒഴിപ്പിച്ചതെന്ന് ജീവകാരുണ്യസംഘടനയായ പലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി (പി.സി.ആർ.എസ്.) അറിയിച്ചു. പി.സി.ആർ.എസിന്റെ ആംബുലൻസുകളിലാണ് കുഞ്ഞുങ്ങളെ കൊണ്ടുപോയതെന്ന് ഡബ്ല്യു.എച്ച്.ഒ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് ട്വീറ്റ് ചെയ്തു. ഹമാസിന്റെ താവളങ്ങളിലൊന്നാണ് അൽ ശിഫയെന്നുപറഞ്ഞ് ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിന് അവർ വ്യക്തമായ തെളിവുനൽകിയിട്ടില്ല. ആരോപണം ഹമാസ് നിഷേധിക്കുകയുംചെയ്തു.

 

Leave A Reply