ഓസ്ട്രിയൻ പ്രസിഡന്റിന് നായയുടെ കടിയേറ്റു

കിഷിനൗ: മോൾഡോവൻ പ്രസിഡന്റ് മയാ സാൻഡുവിന്റെ വളർത്തുനായ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെ കടിച്ചു. കഴിഞ്ഞ ദിവസം മോൾഡോവയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോഴാണ് ബെല്ലന്റെ കൈയ്യിൽ നായ കടിച്ചത്. പ്രസിഡൻഷ്യൻ പാലസിന്റെ മുറ്റത്ത് കൂടി ഇരുനേതാക്കളും നടന്നു നീങ്ങവെയായിരുന്നു സംഭവം.

 

‘ കോഡ്രറ്റ്’ എന്ന് പേരുള്ള നായയെ ബെല്ലൻ ഓമനിക്കാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റതെന്നാണ് വിവരം. തന്റെ വളർത്തുനായയുടെ പെരുമാറ്റത്തിൽ സാൻഡു ക്ഷമാപണം നടത്തി. ചുറ്റും നിരവധി പേരെ കണ്ടതോടെ കോഡ്രറ്റ് ഭയന്നുപോയതാണെന്ന് സാൻഡു പറയുന്നു. ബെല്ലന്റെ പരിക്ക് ഗുരുതരമല്ല. സംഭവത്തിന് ശേഷം മോൾഡോവ പാർലമെന്റ് സ്പീക്കറുമായി ബെല്ലൻ കൂടിക്കാഴ്ച നടത്തുമ്പോൾ അദ്ദേഹത്തിന്റെ കൈയ്യിൽ ബാൻഡേജ് കെട്ടിയിരുന്നു.

 

സംഭവത്തെ പറ്റി വിവരിക്കുന്ന ഒരു വീഡിയോ ബെല്ലൻ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. താൻ വലിയൊരു നായ സ്നേഹിയാണെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.

Leave A Reply