മുനീറും ഹസീനയും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. അന്വേഷണം പോലീസ് ഉർജിതമാക്കിയിരിക്കുകയാണ് . ഇതേസമയം കുട്ടിയുടെ കുടുംബത്തെ പിന്തിരിപ്പിക്കാൻ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട് . അന്വേഷണം എംഎൽഎയിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയതോടെയാണിത്. കുട്ടിയുടെ അച്ഛനെതിരെ വ്യാജപ്രചാരണവും നടത്തുന്നു. ഇദ്ദേഹം മദ്യപാനിയാണെന്നും ധൂർത്തനാണെന്നുമാണ് പ്രചാരണം. സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക ഇപ്രകാരം ചെലവഴിക്കുന്നതായും പ്രചരിപ്പിക്കുന്നു. പരാതിയുമായി മുന്നോട്ടുപോയാൽ കുടുംബത്തിന് സ്ഥലത്ത് നിൽക്കാൻ കഴിയില്ലെന്ന വിരട്ടലുമുണ്ട്.
‘സാധാരണ ചീറ്റിങ് കേസ്’ എന്നതരത്തിൽ സംഭവത്തെ നിസ്സാരവൽക്കരിക്കാൻ പൊലീസിൽ ചിലരും ശ്രമിക്കുന്നുണ്ട്. എംഎൽഎയുടെ സ്വാധീനത്തിന് വഴങ്ങിയാണിത്. എതിരായ പ്രചാരണത്തിൽ കുട്ടിയുടെ കുടുംബം പരിഭ്രാന്തിയിലാണ്. കഴിഞ്ഞദിവസം പൊലീസിന് വിശദമായി മൊഴി നൽകാൻപോലും അച്ഛന് കഴിഞ്ഞില്ല. കുട്ടിയുടെ ശേഷക്രിയക്ക് നാട്ടിൽ പോകാൻ തീരുമാനിച്ചിരുന്ന കുടുംബം യാത്രയും മാറ്റിവച്ചു. എങ്കിലും കേസിൽ എംഎൽഎയെയും ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ഇതുവരെയുള്ള സൂചന. തട്ടിപ്പ് അറിഞ്ഞിട്ടും എംഎൽഎ പൊലീസിനെ അറിയിച്ചിരുന്നില്ല. വാടകവീട് എടുത്തുനൽകാൻ മുനീറിനെ ചുമതലപ്പെടുത്തിയതും എംഎൽഎയാണ്. ഈ സാഹചര്യത്തിൽ പ്രതികളെ പിടികൂടിയശേഷം അദ്ദേഹത്തെ ചോദ്യംചെയ്‌തേക്കുമെന്നാണ് വിവരം. അത് ഒഴിവാക്കാനാണ് എംഎൽഎയുടെ ശ്രമം.
മഹിളാ കോൺഗ്രസ് നേതാവും ഭർത്താവും അൻവർ സാദത്ത് എംഎൽഎയുടെ ഒത്താശയോടെയാണ് ആലുവ ബാലികയുടെ കുടുംബത്തിന് ഒപ്പംകൂടിയത് . ഇരുവരും എംഎൽഎയുടെ വിശ്വസ്‌തരാണ്. രാഷ്ട്രീയമുതലെടുപ്പായിരുന്നു എംഎൽഎയുടെ ആദ്യലക്ഷ്യം. പിന്നീട് പ്രതി സാമ്പത്തികതട്ടിപ്പിലേക്ക് നീങ്ങി.
ഹസീനയുടെയും മുനീറിന്റെയും ‘കരുത്ത്’ അൻവർ സാദത്തായിരുന്നു. എംഎൽഎ ഒപ്പമുള്ളത് നീക്കങ്ങൾക്ക് ശക്തിപകർന്നു. കുട്ടി കൊല്ലപ്പെട്ട അന്നുമുതൽ ഇവർ ബിഹാറി കുടുംബത്തിന്റെ കൂടെക്കൂടി. ഹിന്ദി നന്നായി സംസാരിച്ചിരുന്ന മുനീർ ദ്വിഭാഷിയായി കുടുംബത്തിന്റെ വിശ്വാസം നേടി. കുട്ടിയുടെ കൊലപാതകം രാഷ്ട്രീയനേട്ടത്തിന് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യമാണ് എംഎൽഎക്ക് ഉണ്ടായിരുന്നത്. കുടുംബത്തിന് ‘കൈത്താങ്ങാകാൻ’ എംഎൽഎ ഇവരെ നിയോഗിച്ചു. സർക്കാരിനെതിരെ സമരം സംഘടിപ്പിക്കാനും ഇവരെയാണ് ഏൽപ്പിച്ചത്.
ഇവരെ മുൻനിർത്തിയുള്ള കളിയിൽ ചൂർണിക്കരയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എംഎൽഎ ഇതവഗണിച്ച് മുന്നോട്ടുപോയി. ഇതിനിടെ, കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി പിരിവിനും ശ്രമമുണ്ടായി. പിന്നാലെയാണ് വാടകവീട് എടുത്തുനൽകാനെന്ന പേരിൽ തട്ടിപ്പ് നടന്നത്. ഇതെല്ലാം അറിഞ്ഞിട്ടും അൻവർ സാദത്ത് കണ്ണടച്ചു.