രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടാകില്ല , ഹൈക്കമാൻഡിനെ കാണാൻ നേതാക്കൾ

യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടം ചുമതല ഏൽക്കാൻ യൂത്ത് കോൺഗ്രസ്സ് സമ്മതിക്കില്ല . രാഹുൽ മാങ്കൂട്ടം രാജിവച്ചു വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ജയിച്ചു വരണമെന്നാണ് യൂത്ത് കോൺഗ്രസ്സുകാരും മുതിർന്ന കോൺഗ്രസ്സ് നേതാക്കളും ആവശ്യപ്പെടുന്നത് .

വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച്‌ കള്ളവോട്ട് ചെയ്ത് ജയിച്ച കുബുദ്ധിക്കു പിന്നിൽ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള പല മുതിർന്ന നേതാക്കളുമുണ്ട് . മുതിർന്ന ചില നേതാക്കളുടെയും രണ്ട്‌ എംഎൽഎമാരുടെയും രണ്ട്‌ എംപിമാരുടെയും നേതൃത്വത്തിലാണ്‌ അട്ടിമറി അരങ്ങേറിയതെന്നാണ്‌ യൂത്ത്‌ കോൺഗ്രസുകാർ സാക്ഷ്യപ്പെടുത്തുന്നത് .

അട്ടിമറിയിലൂടെ സ്ഥാനത്തെത്തിയ പ്രസിഡന്റടക്കമുള്ളവർ രാജിവച്ച്‌ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം യൂത്ത്‌ കോൺഗ്രസിൽ മാത്രമല്ല പല മുതിർന്ന നേതാക്കളും പങ്കുവയ്ക്കുന്നു.
തെരഞ്ഞെടുപ്പ്‌ അട്ടിമറിക്ക്‌ കൂട്ടുനിന്ന നേതാക്കൾ ഇക്കാര്യത്തിൽ മറുപടി പറയണം .

കേസിൽ അന്വേഷണം നടക്കട്ടെയെന്ന മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം കോൺഗ്രസിനുള്ളിൽ പുകയുന്ന അമർഷത്തിന്റെ മറ്റൊരു സൂചനയാണ്‌. വ്യാജ തിരിച്ചറിയൽ കാർഡ്‌ ഉപയോഗിച്ച്‌ അട്ടിമറിക്ക്‌ ശ്രമിച്ചതിലൂടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ യൂത്ത്‌ കോൺഗ്രസ്‌.

എംഎൽഎമാരും എംപിമാരും മുൻ മന്ത്രിമാരുമടക്കമുള്ള നേതാക്കളാണ്‌ രാഹുൽ മാങ്കൂട്ടത്തിലിനും സംഘത്തിനും പിന്തുണയുമായുണ്ടായിരുന്നത്‌. തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾ മെനഞ്ഞതും ഈ സംഘമാണ്‌. ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിനെ കൈപ്പടിയിലാക്കാൻ നോക്കുന്ന മുതിർന്ന ഒരു നേതാവിന്റെ സംരക്ഷണയിലാണ്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്ക്‌ ശ്രമിച്ചതെന്ന്‌ യൂത്ത്‌ കോൺഗ്രസുകാർ സാക്ഷ്യപ്പെടുത്തുന്നു .

നിയുക്ത സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടം ചുമതലയേൽക്കരുതെന്ന ആവശ്യം ഉന്നയിച്ച്‌ യൂത്ത് കോൺഗ്രസ്സുകാർ എഐസിസിയെ സമീപിക്കും . രമേശ്‌ ചെന്നിത്തലയും കെ സി വേണുഗോപാലുമടക്കമുള്ള നേതാക്കൾ ഈ നീക്കത്തിന്‌ പച്ചക്കൊടി വീശിയിട്ടുണ്ട്‌.

യൂത്ത്‌ കോൺഗ്രസ്‌ മാതൃകയിൽ കോൺഗ്രസിലും സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ഒരു വിഭാഗം നേരത്തേ ആവശ്യമുന്നയിച്ചിരുന്നു. കോൺഗ്രസ്‌ നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്‌ ‘യൂത്ത്‌ കോൺഗ്രസ്‌ മാതൃക’ നടപ്പാക്കാനൊരുങ്ങുന്നത് .

യൂത്ത് കോൺഗ്രസ്സിലെ അട്ടിമറി പുറത്തായതോടെ ഇത്തരത്തിൽ കോൺഗ്രസ്‌ നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കം പാളി. ഉദ്ദേശിച്ച രീതിയിൽ നടക്കില്ലന്നായതോടെ ആ ശ്രമത്തിൽ നിന്നും പിന്മാറിയെന്നാണ് ലഭിക്കുന്ന വിവരം .

അതേസമയം തെരഞ്ഞെടുപ്പ്‌ കമീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ്‌ ഉപയോഗിച്ച കേസ്‌ അന്വേഷിക്കാൻ പൊലീസ്‌ പ്രത്യേക സംഘം രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി ഡിസിപി നിതിൻരാജിന്റെ മേൽനോട്ടത്തിലുള്ള എട്ടംഗ സംഘമാണ്‌ അന്വേഷിക്കുന്നത് .

മ്യൂസിയം ഇൻസ്‌പെക്ടർ എച്ച്‌ മഞ്ജുലാലാണ്‌ അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ്‌ അസി. കമീഷണർ സ്റ്റ്യുവർട്ട്‌ കീലർ, സൈബർ പൊലീസ്‌ എസ്‌ഐ ശ്യാം, മ്യൂസിയം സ്റ്റേഷനിലെ നാല്‌ സിവിൽ പൊലീസ്‌ ഓഫീസർമാർ എന്നിവരാണ്‌ സംഘത്തിലുള്ളത്‌.

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സഞ്ജീവ്‌ കൗളും , ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ്‌ വെള്ളിയാഴ്‌ച രാത്രി കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിനാണ്‌ കേസ്‌.

യൂത്ത്‌കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പിൽ സിആർ കാർഡ്‌ എന്ന മൊബൈൽ ആപ്പ്‌ വഴി വ്യാജമായി തെരഞ്ഞെടുപ്പ്‌ തിരിച്ചറിയൽ കാർഡ്‌ ഉപയോഗിച്ചുവെന്നാണ്‌ പരാതി. ഏതായാലും രാഹുൽ മാങ്കൂട്ടം ഓടിയത് വെറുതെയായി .

Leave A Reply