യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ അതീവ ഗൗരവമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണത്. മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ, തെരെഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതൊക്കെ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഭാവികമായും ഇത്തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകുമെന്ന് ലീഗ് നേതാവ് നവകേരളസദസിലെത്തിയ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. പങ്കെടുക്കാന്‍ പറ്റാത്ത എം എല്‍ എമാര്‍ അനുഭവിക്കുന്ന മാനസിക അവസ്ഥ ആലോചിക്ക്. വല്ലാത്ത മാനസിക സംഘര്‍ഷമാകും അവര്‍ അനുഭവിക്കുന്നത്. ഇനിയും അവര്‍ വരുന്ന കാര്യം ആലോചിക്കാവുന്നതാണ്. നേരിട്ട് പരാതി സ്വീകരിക്കുന്നത് സര്‍ക്കാരിന് വേണ്ടിയാണ്. ഞങ്ങള്‍ നേരിട്ട് വാങ്ങിയാലും പ്രോസസ്സ് ചെയ്യുന്നത് ഉദ്യാഗസ്ഥരാണ്.
ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ കേന്ദ്ര നയം, അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇങ്ങനെ ഒരു അവസരം വരുമ്പോള്‍ അത് സര്‍ക്കാരിന്റെ ജനകീയത തകര്‍ക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിന്. മറച്ചു വെക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കന്നതിനാണ് ഈ പരിപാടി. നാടിന്റെ യഥാര്‍ത്ഥ വിഷയം ചര്‍ച്ചയാക്കാതിരിക്കാന്‍ ബോധം പൂര്‍വ്വം ചിലര്‍ ശ്രമിക്കുന്നു. ആങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ജനാധിപത്യപരമായ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലീഗിന്റെ നിലപാട് കേരളബാങ്കിന്റെ കാര്യത്തില്‍ എടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ അവര്‍ക്ക് ഒരാളെ തെരെഞ്ഞെടുക്കാമായിരുന്നു. അതിന്റെ നടപടി ക്രമം മാത്രമാണ്. കോണ്‍ഗ്രസിന്റെ കേരളത്തിലെ ലീഡര്‍ഷിപ് എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷ എം എല്‍ എമാര്‍ പങ്കെടുക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പരാതി നല്‍കിയവരെ കണ്ടെത്തി അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയക്കും. യൂത്ത് കോണ്‍ഗ്രസില്‍ നിന്നുതന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങള്‍ ഏറെയും പൊലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നല്‍കിയവരുടെ മൊഴിയെടുത്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വോട്ട് ചെയ്തുവെന്ന പരാതി തെളിയിക്കാന്‍ പൊലീസിന് മുന്നില്‍ കടമ്പകളും ഏറെയാണ്.
വിത്ത് ഐവൈസി എന്ന അപ്ലിക്കേഷനിലൂടെയാണ് വോട്ടിംഗ് നടന്നത്. വ്യാജ കാര്‍ഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തിയ ഏജന്‍സി, അവരുടെ സെര്‍വറിലെ വിവരങ്ങള്‍ പൊലീസിന് കൈമാറണം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് നിലവില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.
ഏജന്‍സിയുടെ വിശദാംശങ്ങള്‍ അടക്കം അറിയിക്കണെമന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് കത്ത് നല്‍കും. വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതടക്കമുള്ള നടപടിയിലേക്ക് പൊലീസിന് കടക്കേണ്ടിവരും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ ആപ്പ് ഗൂഗിളിലോ, ആപ്പിള്‍ പ്ലേ സ്റ്റോറിലോ ഉള്ളതല്ല. ഈ ആപ്ലിക്കേഷന്‍ വഴി ആരെല്ലാം വ്യാജ കാര്‍ഡുകളുണ്ടാക്കിയെന്ന അന്വേഷണവും സൈബര്‍ സംഘം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സാധിക്കുകയുള്ളൂ.