നവകേരളാ സദസ്സിന് പിആറിന്റെ ആവശ്യമില്ലാ. ഫ്‌ളക്‌സ് വെക്കലും, പി ആറുമൊക്കെ കോണ്‍ഗ്രസ്സിന്റെ രീതികള്‍

ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം കേരളമാകെ നടന്ന് കേരളത്തിന്റെ പാരാതികള്‍ കേട്ട് പരിഹാരം കണ്ടെത്തുകയാണ്.് കേരളാ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. ഇന്നലെ ആരംഭിച്ച നവകേരള സദസ്സ് ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്നലെ കിട്ടിയ് 1908 പരാതികള്‍. ഈ പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ വന്‍ ജനസഞ്ചയം ആണെത്തിയത്. നാനാതുറകളില്‍ നിന്നുള്ള ജനങ്ങള്‍ ഒരേമനസോടെ ഒത്തു ചേര്‍ന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനുള്ള ഉറച്ച പിന്തുണയായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ കേന്ദ്ര നയം, അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇങ്ങനെ ഒരു അവസരം വരുമ്പോള്‍ അത് സര്‍ക്കാരിന്റെ ജനകീയത തകര്‍ക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിന്. മറച്ചു വെക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കന്നതിനാണ് ഈ പരിപാടി. നാടിന്റെ യഥാര്‍ത്ഥ വിഷയം ചര്‍ച്ചയാക്കാതിരിക്കാന്‍ ബോധം പൂര്‍വ്വം ചിലര്‍ ശ്രമിക്കുന്നു. ആങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ജനാധിപത്യപരമായ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാറിന്റെ നവകേരള സദസ്സ് ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയാണ്. ഈ പരിപാടികൊണ്ടു നാടിനും, നാട്ടുകാര്‍ക്കും ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ കണ്ടില്ലന്നു നടിച്ച് , സംസ്ഥാന കാബിനറ്റ് ഒന്നടങ്കം സഞ്ചരിക്കുന്ന ബസിനെ കേവലം ആഢംബര ബസായും ധൂര്‍ത്തായും മാത്രം വിലയിരുത്തി വാര്‍ത്തകള്‍ പടച്ചുവിട്ട മാധ്യമങ്ങളും നവകേരള സന്ദസിനെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ കാബിനറ്റ് ഒന്നാകെ നടത്തുന്ന ഈ കേരള പര്യടനം വന്‍ വിജയമായാല്‍, ഇതേ മോഡല്‍ നടപ്പാക്കാന്‍ ആന്ധ്ര തമിഴ് നാട് സര്‍ക്കാറുകളും തയ്യാറായേക്കുമെന്നാണ് സൂചന.

മറ്റു പല സംസ്ഥാനങ്ങളിലും ഇടതുപക്ഷ ഭരണം തകര്‍ന്നിട്ടും , എന്തു കൊണ്ട് കേരളത്തില്‍ മാത്രം പിടിച്ചു നില്‍ക്കുന്നു എന്ന , ചോദ്യത്തിനുള്ള ഉത്തരം , ഇത്തരം ജനകീയ ഇടപെടല്‍ തന്നെയാണെന്നതില്‍ സംശയമില്ലാ. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ , ഏതെങ്കിലും പി.ആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശ പ്രകാരമാണ് , നവകേരള സദസ്സെന്ന വാദവും ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നതല്ല. പി.ആര്‍. ഏജന്‍സി എന്ന വാക്ക് കേരളത്തിന് പരിചിതമാകുന്നതിനും മുന്‍പ് ജനകീയ പ്രവര്‍ത്തനങ്ങളിലൂടെയും , പ്രഖ്യാപനങ്ങളിലൂടെയും ചരിത്രം സൃഷ്ടിച്ച പാരമ്പര്യമാണ് , ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും , ഇടതുപക്ഷ സര്‍ക്കാറുകള്‍ക്കുമുള്ളത്. ബുദ്ധിജീവികളാല്‍ സമ്പന്നമായ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് , ഇപ്പോള്‍ പൊട്ടിമുളച്ച പി.ആര്‍ ഏജന്‍സികളുടെ സഹായം തേടേണ്ട ഒരു ഗതികേടുമില്ല. അത്തരം ഗതികേടുള്ളത് ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കാണ്.

രാഹുല്‍ ഗാന്ധിക്ക് ഭാരത് ജോഡോ യാത്ര നടത്താന്‍ , ഒരു പിആര്‍ ഏജന്‍സി വേണ്ടി വന്നു. ഒടുവില്‍ കര്‍ണ്ണാടകയില്‍ ഭരണം പിടിക്കാനും , അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നത്, വില കൊടുത്തു വാങ്ങിയ ഈ ബുദ്ധിയെയാണ്. എന്തിനേറെ പറയുന്നു യൂത്ത് കോണ്‍ഗ്രസ്സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തതു പോലും , കേവലം ഒരു ആപ്പ് വഴിയാണ്. ഇതാണ് അഭിനവ കാലത്തെ, ഖദര്‍ രാഷ്ട്രീയം. ഈ ഓര്‍മ്മയിലാണ് , നവകേരള സദസ്സും , പി.ആര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് , കോണ്‍ഗ്രസ്സ് ആക്ഷേപിക്കുന്നത്. കേരളത്തിലെ ”താമര സ്വപ്നം” വാടുമെന്ന് ഭയന്ന് , ബി.ജെ.പിയും , നവകേരള സദസ്സിനെതിരെ , ശക്തമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുന്നതിനും, അതിന് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനുമായിട്ടാണ്, മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലും ജനങ്ങളിലേക്ക് എത്തുന്നത്. ആ യാത്രയ്ക്കാണ് ഇപ്പോള്‍ കാസര്‍ഗോഡ് തുടക്കമായിരിക്കുന്നത്. അതതുവകുപ്പുകളുടെ തനത് ഫണ്ടും, സ്‌പോണ്‍സര്‍ഷിപ്പുമാണ് പരിപാടിയുടെ ചെലവിനായി കണ്ടെത്തിയിരിക്കുന്ന ധനാഗമന മാര്‍ഗം. ഒരോ മണ്ഡലങ്ങളിലേയും വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും, പേരായ്മകള്‍ പരിഹരിച്ച് പദ്ധതികള്‍ക്ക് വേഗം കൂട്ടുന്നതിനുമാണ്, ഇത്തരം സംവാദങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കാബിനറ്റ് ഒന്നടങ്കം ഉള്ളതിനാല്‍ , തീരുമാനവും സ്‌പോട്ടില്‍ തന്നെയുണ്ടാകും. ഇടതുപക്ഷം വിജയിച്ച മണ്ഡലങ്ങളില്‍ മാത്രമല്ല, പ്രതിപക്ഷ നേതാവിന്റെയടക്കം മണ്ഡലങ്ങളില്‍ ഈ പരിപാടി നടക്കുന്നുണ്ട്. എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ള പരിപാടിയാണിതെന്നത് , ഇതില്‍ നിന്നു തന്നെ വ്യക്തം.

രാജ്യചരിത്രത്തില്‍ എന്നല്ല, ലോക ചരിത്രത്തില്‍ തന്നെ, ഇതാദ്യമായിട്ടാണ് ഭരണകൂടം ഒന്നടങ്കം , ഇത്തരമൊരു ജനകീയ യാത്ര നടത്തുന്നത്. ലോക ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസിറ്റുകള്‍ അധികാരത്തിലേറിയ സംസ്ഥാനത്തു നിന്നു തന്നെയാണ് പുതിയ ഒരു ജനകീയ വിപ്ലവത്തിനു കൂടി ഇപ്പോള്‍ തുടക്കമായിരിക്കുന്നത്.

Leave A Reply