ആലുവയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയിൽനിന്ന് പണം തട്ടിയ കോൺഗ്രസ് നേതാക്കളായ ദമ്പതികൾ ഇപ്പോഴും ഒളിവിൽ തന്നെയാണ് .
ചൂർണിക്കര തായിക്കാട്ടുകര കോട്ടക്കൽവീട്ടിൽ മുനീറും ഭാര്യ ഹസീനയുമാണ് ഒളിവിൽ പോയത്. ഇവരെ തേടി പോലീസ് പരക്കം പായുന്നു . ശനിയാഴ്‌ച ഇവരെ തേടി പൊലീസ് ചൂർണിക്കരയിലെ വീട്ടിലെത്തിയെങ്കിലും ഉണ്ടായിരുന്നില്ല. ബന്ധുക്കളോടും സുഹൃത്തുക്കളോടും തിരക്കിയെങ്കിലും ഫലമുണ്ടായില്ല.
മുനീറും ഹസീനയും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചിൽ നടത്തി. ഒരു ഫലവുമില്ല . ഇതിനിടെ കുട്ടിയുടെ കുടുംബത്തെ പിന്തിരിപ്പിക്കാൻ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നീക്കം തുടങ്ങിയെന്ന വാർത്തയും പുറത്തുവന്നു .
അന്വേഷണം എംഎൽഎയിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയതോടെയാണ് പരാതിക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് . കുട്ടിയുടെ അച്ഛനെതിരെ സൈബർ പോരാളികൾ വ്യാജപ്രചാരണവും അഴിച്ചുവിടുന്നു . ഇദ്ദേഹം മദ്യപാനിയാണെന്നും ധൂർത്തനാണെന്നുമാണ് പ്രചാരണം.
സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക മദ്യപിച്ചു ധൂർത്തടിച്ചെന്നാണ് പ്രചരിപ്പിക്കുന്നത് . പരാതിയുമായി മുന്നോട്ടുപോയാൽ കുടുംബത്തിന് സ്ഥലത്ത് നിൽക്കാൻ കഴിയില്ലെന്ന വിരട്ടലും ഭീഷണിയും നടത്തുന്നു .
കേസിൽ എംഎൽഎയെയും ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ഇതുവരെയുള്ള സൂചന.
തട്ടിപ്പ് അറിഞ്ഞിട്ടും എംഎൽഎ പൊലീസിനെ അറിയിച്ചിരുന്നില്ല. വാടകവീട് എടുത്തുനൽകാൻ മുനീറിനെ ചുമതലപ്പെടുത്തിയതും എംഎൽഎയാണ്. ഈ സാഹചര്യത്തിൽ പ്രതികളെ പിടികൂടിയശേഷം എം എൽ എ യെ ചോദ്യം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അത് ഒഴിവാക്കാനാണ് എംഎൽഎയുടെ ശ്രമം.
‘സാധാരണ ചീറ്റിങ് കേസ്’ എന്നതരത്തിൽ സംഭവത്തെ നിസ്സാരവൽക്കരിക്കാൻ പൊലീസിൽ ചിലരും ശ്രമിക്കുന്നുണ്ട്ന്നും വിവരങ്ങൾ ലഭിച്ചു . എംഎൽഎയുടെ സ്വാധീനത്തിന് വഴങ്ങിയാണ് പോലീസ് പെരുമാറുന്നത് . എതിരായ പ്രചാരണത്തിൽ കുട്ടിയുടെ കുടുംബം പരിഭ്രാന്തിയിലാണ്. കഴിഞ്ഞദിവസം പൊലീസിന് വിശദമായി മൊഴി നൽകാൻപോലും കുട്ടിയുടെ പിതാവിന് കഴിഞ്ഞില്ല. കുട്ടിയുടെ ശേഷക്രിയക്ക് നാട്ടിൽ പോകാൻ തീരുമാനിച്ചിരുന്ന കുടുംബം ആ യാത്രയും മാറ്റിവച്ചു.
മഹിളാ കോൺഗ്രസ് നേതാവും ഭർത്താവും അൻവർ സാദത്ത് എംഎൽഎയുടെ ഒത്താശയോടെ ആലുവ ബാലികയുടെ കുടുംബത്തിന് ഒപ്പംകൂടിയത് സഹായികളെന്ന വ്യാജേനയാണ് . ഇരുവരും എംഎൽഎയുടെ വിശ്വസ്‌തരാണ്. രാഷ്ട്രീയമുതലെടുപ്പായിരുന്നു എംഎൽഎയുടെ ആദ്യലക്ഷ്യം. പിന്നീടാണ് പ്രതികൾ സാമ്പത്തികതട്ടിപ്പിലേക്ക് നീങ്ങിയത് .
ഹസീനയുടെയും മുനീറിന്റെയും ‘കരുത്ത്’ അൻവർ സാദത്തായിരുന്നു. എംഎൽഎ ഒപ്പമുള്ളത് അവരുടെ നീക്കങ്ങൾക്ക് ശക്തിയായി . കുട്ടി കൊല്ലപ്പെട്ട അന്നുമുതൽ ഇവർ ബിഹാറി കുടുംബത്തിന്റെ കൂടെക്കൂടി. ഹിന്ദി നന്നായി സംസാരിച്ചിരുന്ന മുനീർ ദ്വിഭാഷിയായി കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്തു .
കുട്ടിയുടെ കൊലപാതകം രാഷ്ട്രീയനേട്ടത്തിന് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യമാണ് എംഎൽഎക്ക് ഉണ്ടായിരുന്നത്. അങ്ങനെയാണ് കുടുംബത്തിന് ‘കൈത്താങ്ങാകാൻ’ എംഎൽഎ ഇവരെ നിയോഗിച്ചത് . സർക്കാരിനെതിരെ സമരം സംഘടിപ്പിക്കാനും ഇവരെയാണ് ഏൽപ്പിച്ചത്. പക്ഷെ വെളുക്കാൻ തേച്ചത് പാണ്ടായി , ഇപ്പോൾ എം എൽ എ യ്ക് കുരുക്കായി .