കോഴിക്കോട്: പെട്രോൾ പമ്പിൽ ആടുതോമ മോഡൽ മർദനവും കവർച്ചയും. മങ്ങാട് എച്ച്പിസിഎൽ പമ്പിൽ ഇന്ന് പുലർച്ചെയോടെ നടന്ന കവർച്ചയിൽ പതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടാക്കളുടെ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു.
പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഈ സമയം രണ്ട് ജീവനക്കാർ മാത്രമാണ് പമ്പിൽ ഉണ്ടായിരുന്നത്. പമ്പിൽ എത്തിയ മോഷണസംഘം ജീവനക്കാരെ വളഞ്ഞു. അതിനുശേഷം ഇതിലൊരാൾ ധരിച്ചിരുന്ന മുണ്ട് അഴിച്ചെടുത്ത് ഒരു ജീവനക്കാരന്റെ മുഖത്ത് മൂടുകയും ബലംപ്രയോഗിച്ച് പണം കവരുകയുമായിരുന്നു. മുളകുപൊടി പ്രയോഗം നടത്തി. പണം കൈക്കലാക്കിയ മോഷണസംഘം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. ജീവനക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വൻ മോഷണം നടത്താൻ ലക്ഷ്യമിട്ടാണ് ജീവനക്കാർ കുറവുണ്ടായിരുന്ന സമയത്ത് മോഷ്ടാക്കൾ എത്തിയതെന്നും പണം തട്ടിയെടുത്ത രീതിയിൽ നിന്ന് മൂവർ സംഘം പ്രൊഫഷണൽ മോഷ്ടാക്കളാണെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.