കോട്ടയം: കറുകച്ചാലില്‍ ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ കൈനിക്കര വീട്ടില്‍ ജോസ് കെ.തോമസ് (45) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. കറുകച്ചാല്‍ ദൈവംപടിയില്‍ പ്രവര്‍ത്തിക്കുന്ന ‘ചട്ടിയും തവിയും’ ഹോട്ടലിന്റെ ഉടമ മാവേലിക്കര സ്വദേശി രഞ്ജിത്താണ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്.
ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ ഹോട്ടലില്‍വെച്ചായിരുന്നു സംഭവം. ഇരുവരും തമ്മില്‍ ഹോട്ടലില്‍ വച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ ഉടമയെ കുത്തുകയുമായിരുന്നു. തൊഴില്‍ത്തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ രഞ്ജിത് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവശേഷം ജോസ് കടന്നുകളഞ്ഞിരുന്നു. തൃക്കൊടിത്താനം പോലീസ് എസ്.എച്ച്.ഒ. അനൂപ് ജി യുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.