‘സൂപ്പർ ഹീറോയായിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു….,ഇപ്പോൾ കോമാളിയായി മാറി’; സുരേഷ് ഗോപിയെ പരിഹസിച്ച് ഡി വൈ എഫ് ഐ

കോഴിക്കോട്: മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴുള്ള സുരേഷ് ഗോപിയുടെ പ്രവൃത്തികളെ പരിഹസിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.

അല്പത്തരമാണ് കാണിച്ചതെന്നും സൂപ്പർ ഹീറോയായിരുന്ന നടൻ കോമാളിയായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.ഒറ്റപ്പെട്ടുപോയെന്നും കോമാളിയായിപ്പോയെന്നുമൊക്കെ സുരേഷ് ഗോപിയ്ക്ക് തോന്നുന്നുണ്ടാകാമെന്നും ആൾക്കൂട്ടമുണ്ടാക്കാനായി ജൂനിയർ ആർട്ടിസ്റ്റുകളെ ഇറക്കിയെന്നാണ് കേൾക്കുന്നതെന്നും വി വസീഫ് പ്രതികരിച്ചു.

ഒരു ആക്ഷൻ ഹീറോ കോമാളിയെപ്പോലെ മാറുന്നകാലത്ത് നടനെ ഊർജസ്വലനാക്കാൻ ബി ജെ പി നേതൃത്വം ആലോചിച്ചതായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചോദ്യം ചെയ്യലിനായി ഇന്നലെയാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്. മൂന്ന് അഭിഭാഷകരും കൂടെയുണ്ടായിരുന്നു. സുരേഷ് ഗോപി എത്തുന്നതിന് മുൻപ് തന്നെ നിരവധി ബി ജെ പി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്നു. പോസ്റ്ററുകളുമായെത്തിയ പ്രവർത്തകർ നടന് അനുകൂലമായ മുദ്രവാക്യങ്ങളും വിളിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം ടി രമേഷ്, പി കെ കൃഷ്ണദാസ് എന്നിവരും പദയാത്രയിൽ പങ്കെടുത്തു.

Leave A Reply