ഇന്ത്യയിലെ ആദ്യ നമ്പര്‍ രഹിത ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ ആക്‌സിസ് ബാങ്ക്

കൊച്ചി: സാങ്കേതികവിദ്യാ തല്‍പരരായ യുവതലമുറയെ ലക്ഷ്യമിട്ടുള്ള നമ്പര്‍ രഹിത ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാനായി ആക്‌സിസ് ബാങ്കും ഫിന്‍ടെക് സ്ഥാപനമായ ഫൈബും സഹകരിക്കും.  കാര്‍ഡ് നമ്പര്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് അധിക സുരക്ഷ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

കാര്‍ഡ് നമ്പര്‍, കാലാവധി തീയ്യതി, സിവിവി എന്നിവ കാര്‍ഡില്‍ പ്രിന്റു ചെയ്യില്ല. ഐഡന്റിറ്റി മോഷണവും കാര്‍ഡിന്റെ അനധികൃത ഉപയോഗവും പോലുള്ള അപകട സാധ്യതകള്‍ കുറക്കാനും സുരക്ഷയും സ്വകാര്യതയും ലഭ്യമാക്കാനും ഇതു വഴിയൊരുക്കും.  റൂപെ അധിഷ്ഠിതമായ ഈ കാര്‍ഡ് യുപിഐ ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റുകളും ലഭ്യമാക്കും.

ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ സംവിധാനങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഈ പങ്കാളിത്തത്തെ കുറിച്ചു സംസാരിക്കവെ ഫൈബ് സഹസ്ഥാപകനും സിഇഒയുമായ അക്ഷയ് മെഹ്രോത്ത പറഞ്ഞു.

വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന നീക്കത്തിനായി ഫൈബുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്റ് പെയ്‌മെന്റ് വിഭാഗം മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു.

Leave A Reply