സുരേന്ദ്രൻ പെട്ടു; ചിത്രങ്ങൾ പുറത്ത് വന്നതോടെ മിണ്ടാട്ടമില്ല

സ്പൈസസ് ബോർഡ് നിയമന തട്ടിപ്പ് കേസിൽ പ്രതിയായ യുവമോർച്ച റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷിനെ തള്ളിപ്പറയാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തയ്യാറാകാതെ. രാജേഷിന് ബിജെപിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞു മാറിയെങ്കിലും ചിത്രങ്ങൾ പുറത്തുവന്നതോടെ നേതൃത്വം വെട്ടിലായി. ബിജെപിയുടെ ബൂത്തുതല പരിപാടിയിൽ രാജേഷ് പങ്കെടുക്കുന്ന ചിത്രം ജില്ലാ സെക്രട്ടറി ഷൈൻ ജി കുറുപ്പാണ്‌ ഫേസ്‌ ബുക്കിൽ പങ്കുവച്ചത്‌.

മലയാലപ്പുഴ സ്വദേശിയായ രാജേഷ് വിവാഹത്തിനുശേഷം റാന്നിയിലേക്ക് താമസം മാറിയിരുന്നു. തുടർന്ന് അവിടെ യുവമോർച്ചയുടെ മണ്ഡലം ഭാരവാഹിയായി. അതിനുമുമ്പ് മലയാലപ്പുഴയിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്നു. പ്ലസ് വൺ തോറ്റ രാജേഷ് പിന്നീട് മത്സ്യ കച്ചവടം തുടങ്ങി. ഇക്കാലയളവിലാണ് അഖിൽ സജീവുമായി പരിചയപ്പെട്ടത്.

ഇവർ രണ്ടുപേരും ചേർന്ന് പല തട്ടിപ്പുകളും ആസൂത്രണം ചെയ്തതായാണ് അറിയുന്നത്. രാജേഷിന്റെ ബിജെപി ബന്ധം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള സ്പൈസസ് ബോർഡിൽ നിയമന വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയത്. ഓമല്ലൂർ സ്വദേശിയുടെ പരാതിയിലാണ് ഇത്തരമൊരു തട്ടിപ്പ് വെളിച്ചത്തായത്. എന്നാൽ ഇത്തരത്തിൽ ഒരു തട്ടിപ്പ് മാത്രമല്ല ഇവർ നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

യുവമോർച്ച നേതാവ് രാജേഷ് ജോലി വാ​ഗ്ദാനം നൽകിയത്‌ സ്പൈസസ് ബോർഡിൽ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച്‌. ബോർഡിൽ നല്ല സ്വാധീനമുണ്ടെന്ന്‌ പറഞ്ഞ് വിശ്വസിപ്പിച്ചതായി ഓമല്ലൂർ സ്വദേശിയായ പരാതിക്കാൻ പറഞ്ഞു. അഖിൽ സജീവ് സഹപാഠിയായതിനാൽ പറഞ്ഞത് വിശ്വസിക്കുകയും ചെയ്തു. ആദ്യം 2,40,000 രൂപ അഖിലിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. പിന്നീട് 90,000 രാജേഷിന്റെ പേരിലും നൽകി. പിന്നീട് പലപ്പോഴായി ആകെ നാലേകാൽ ലക്ഷത്തിലേറെ രൂപ ഇതിനായി നൽകി.

മാസങ്ങൾ കഴിഞ്ഞിട്ടും അറിയിപ്പുകൾ ഒന്നും ലഭിക്കാതിരുന്നതിനെ തുടർന്നാണ് വീണ്ടും അഖിലുമായി ബന്ധപ്പെടുന്നത്. ജോലി ഉടൻ ശരിയാവും എന്നാണ്‌ അഖിൽ മറുപടി പറഞ്ഞത്. കാര്യങ്ങൾ വൈകിയതോടെയാണ് തട്ടിപ്പിനെ കുറിച്ച് സംശയം തോന്നി പൊലീസിൽ പരാതി നൽകിയത്.

Leave A Reply