കേരള കോൺഗ്രസ് ചരിത്രത്തിലെന്നും ചരൽകുന്ന് ക്യാമ്പ് സൈറ്റ് നിർണ്ണായക തീരുമാനമെടുക്കുന്ന ഒരു ഇടമാണ് . 2017 ൽ ചരൽക്കുന്നിൽ യുഡിഎഫ് വിട്ട് പുറത്ത് നിൽക്കണം എന്ന തീരുമാനം എടുത്തിരുന്നു . അപ്രതീക്ഷിത നീക്കമായിരുന്നു അത് .
പാർട്ടിക്ക് കോൺഗ്രസിനോട് പറയാനുള്ളത് പറയുകയും കോൺഗ്രസ് ഭക്തരായ പാർട്ടി പ്രവർത്തകരെ കേരള കോൺഗ്രസ് വേറെ ലവലാണന്ന് ബോധിപ്പിക്കാനും അന്ന് കെ എം മാണിക്ക് സാധിച്ചു. ഇതിനിടെ കാൻസർ ബാധിതനായ മാണിയുടെ ആരോഗ്യനില സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു ജോസഫും കൂട്ടരും.
ജോസഫിന്റെ ഒരു ബന്ധുവാണ് ആദ്യമായി കെ എം മാണിക്ക് കാൻസർ കണ്ടുപിടിച്ച ഡോക്ടർ. എന്നാൽ മാണിയുടെ കൂടെയുള്ളവരിൽ പലരും അതിന്റെ തീവ്രത മനസ്സിലാക്കിയിരുന്നുമില്ല. ‘അപ്പൻ ചത്തിട്ട് കട്ടിൽ കൈക്കലാക്കാമെന്ന് പണ്ട് ഒരു മകൻ പറഞ്ഞതുപോലെ ജോസഫ് സൂക്ഷമതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു.
ഇതിനിടെ മുത്തോലി പഞ്ചായത്തിൽ ഒഴിവു വന്ന യുഡിഎഫിലെ കോൺഗ്രസ് സീറ്റിൽ മാണിഗ്രൂപ്പ് ഒറ്റക്ക് മത്സരിക്കാനെടുത്ത തീരുമാനം എല്ലാവരെയും ഞെട്ടിക്കുകയും കോണ്ഗ്രെസുകാരുമായി മാണിഗ്രൂപ്പുകാർ ഇടയുകയും ചെയ്തു.
എന്നാൽ മണ്ഡലം പ്രസിഡന്റ് ടോബിനും ജെയ്‌സൺ മാന്തോട്ടവും കൂടി തന്ത്രപൂർവം മാണിയുടെ അനുമതി വാങ്ങി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെടുത്തു. തൊട്ടടുത്ത മാസം മൂന്നിലവ് പഞ്ചായത്തിൽ മത്സരിച്ച് മാണിഗ്രൂപ്പ് വീണ്ടും ശക്തി കാണിച്ചു.
ഇതിനിടെ ഉമ്മൻചാണ്ടിയുടെ ശ്രമഫലമായി കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കി മാണിയെ യുഡിഎഫിലേക്ക് തിരികെയെത്തിക്കുകയും അതിന്റെ കരാറിൽ രാജ്യസഭകൂടി ഉൾപ്പെടുത്തുകയും ചെയ്തു.
കുശാഗ്രബുദ്ധിയുള്ള ജോസഫ് ഇത് മുതലാക്കാൻ തീരുമാനിച്ചു.
പഴയ മാണി വിഭാഗത്തിൽ പിളർപ്പ് ഉണ്ടാക്കുന്നതിനോപ്പം സ്വന്തം ഗ്രൂപ്പിന്റെ വിശ്വാസം നേടുന്നതിലും അടുത്ത പാർലമെന്റിൽ തനിക്ക് മത്സരിക്കുന്നതിനവസരമൊരുക്കുകയുമായിരുന്നു ലക്‌ഷ്യം. ജോസ് കെ മാണിയോട് രാജ്യസഭാ സ്ഥാനാര്ഥിയാക്കണമെന്നും അല്ലാത്തപക്ഷം ജോയി എബ്രഹാമോ ഫ്രാൻസിസ് ജോർജ്ജോ ആകട്ടെയെന്നും ജോസഫ് നിലപാടെടുത്തു.
ഇതിനകം ജോയി ഏബ്രഹാം മറുകണ്ടം ചാടിയെന്ന വാർത്ത പുറത്തുവന്നു. കൈവെള്ളയിൽ കിട്ടിയ രാജ്യസഭ ഗ്രൂപ്പിൽ നിന്നും പുറത്ത് പോകാതിരിക്കാൻ ഒടുവിൽ മാണി മകനെ നിർബന്ധിച്ച് രാജ്യസഭയിലേക്ക അയച്ചു.ജോസിന്റെ വിസർജ്ജ്യത്തിനുപോലും മുല്ലപ്പൂവിന്റെ മണമാണെന്ന് പറഞ്ഞു ജോസിനെ സാദാ പുകഴ്ത്തി കൂടെ നടക്കുന്ന ചിലരും രാജ്യസഭ ജോസിന്റെ തലയിൽ കെട്ടിവെക്കാൻ പണിയെടുത്തു.
ഇതിനിടയിലായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അവിടെയും മാണി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. അത് കോൺഗ്രസിന്റെമേൽ ആധിപത്യം സ്ഥാപിക്കാൻ മാണിഗ്രൂപ്പിനു അവസരം നൽകി.
ഒടുവിൽ ലോകസഭ തിരഞ്ഞെടുപ്പ് വന്നപ്പോൾ മുൻ നിശ്ചയിച്ചപ്രകാരം ജോസ് രാജ്യസഭയിലേക്ക് പോയതിനാൽ കോട്ടയം സീറ്റിന് ജോസഫ് അവകാശം ഉന്നയിച്ചു. അപ്പോൾ മാത്രമാണ് മാണിയുടെ കൂടെ നിൽക്കുന്നവർക്ക് അപകടം മനസ്സിലായത്. വയനാട് ജില്ലാ പ്രസിഡണ്ട് കെ.ജെ ദേവസ്യ ലോകസഭാ മണ്ഡലത്തിലെ എല്ലാ പാർട്ടി ഭാരവാഹികളുടെയും അഭിപ്രായം ചോദിക്കണമെന്ന നിലപാടെടുക്കുകയും കമ്മറ്റി അതിനുവേണ്ടി രണ്ടുപേരെ ചുമതലപ്പെടുത്തുകയും അതിൻപ്രകാരം തോമസ് ചാഴിക്കാടൻ സ്ഥാനാര്ഥിയുമായി.
ഇതിനിടെ കെ.എം മാണി കാലഗതി പൂണ്ടു. തോമസ് ചാഴിക്കാടൻ വിജയിച്ചു. മാണിയുടെ നാല്പത്തിയൊന്നാം ചരമദിനം അറിയിക്കാൻ സി എഫ് തോമസിന്റെയും പിജെ ജോസഫിന്റെയും വീട്ടിൽ എത്തിയ ജോസ്, അവരുടെ ചോദ്യത്തിന് ഇപ്രകാരം മറുപടി പറഞ്ഞു: “നിങ്ങൾ മുതിർന്നവർ എന്ത് തീരുമാനമെടുത്താലും അതിന് താൻ വഴങ്ങിക്കൊള്ളാമെന്ന് .
എന്ത് തീരുമാനമാണെങ്കിലും വേഗമെടുക്കണം. കെ എം മാണിയെ സ്നേഹിക്കുന്നവരെല്ലാം ഒന്നിച്ച് ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് കാര്യം നടക്കട്ടെയെന്ന് മറുപടി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോയി എബ്രഹാമിനെ കണ്ട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പിജെ ജോസഫ് ജോയിയെ വിളിച്ചു.
താൻ ഇന്നലെ ജോസിനെ കണ്ട കാര്യവും ജോസിന് താൻ ചെയർമാൻ ആകുന്നതിൽ എതിർപ്പില്ലെന്ന വിവരവും ജോയിയെ ധരിപ്പിച്ചു. സംഭാഷണം അവസാനിപ്പിച്ചയുടനെ ജോയി, ജോസിനോട് ഗ്രൂപ്പിൽ ആലോചിക്കാതെ ഇത്തരം വിഡ്ഢിത്തരങ്ങൾ വിളമ്പരുതെന്ന് പറഞ്ഞതനുസരിച്ച് അടിയന്തരമായി ഗ്രൂപ്പ് യോഗം വിളിച്ചുകൂട്ടി.
സി .എഫ് തോമസ്, ഉണ്ണിയാടൻ എന്നിവരടക്കമുള്ള ഗ്രൂപ്പ് യോഗത്തിൽ പിജെ ജോസഫ് ചെയർമാനാകുന്ന ഒഴിവിൽ വരുന്ന വർക്കിങ് ചെയർമാൻ സ്ഥാനം ജോസിന് നൽകണമെന്ന പൊതുധാരണ ജോസഫിനെ അറിയിക്കാൻ ജോയി എബ്രഹാമിനെ ചുമതലപ്പെടുത്തി. എന്നാൽ ജോസഫ് അത് അംഗീകരിച്ചില്ലെന്നും, ജോസഫ് ഇപ്പോൾ വഹിക്കുന്ന വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കത്തോലിക്കാ വിഭാഗത്തിൽ നിന്നും ടിയു കുരുവിളയെക്കൂടി ഉൾപ്പെടുത്തി രണ്ടു വൈസ് ചെയർമാന്മാരെ നിശ്ചയിക്കുന്നുവെന്നും അറിയിച്ചു.
ഇതിനിടെ തിരുവനന്തപുരത്തെ ഏറ്റവും ചെറിയ ഒരു ഹാളിൽ കെ എം മാണിയുടെ അനുസ്മരണം സംഘടിപ്പിച്ച് ജോസഫ് കരുക്കൾ നീക്കി. ജോസിന്റെ കൂടെയുള്ളവരുടെ നിരീക്ഷണത്തിൽ എംഎൽഎ ഹോസ്റ്റലിലെ ജോസഫിന്റെ ഫ്ലാറ്റിൽ ജോസഫിനെ അനുകൂലിക്കുന്ന മുഴുവൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളും കയറിയിറങ്ങുന്നതും ചില ബുക്കുകളിൽ ഒപ്പു വയ്ക്കുന്നതും കണ്ടെത്തി.
അത് അനുസ്മരണത്തോടൊപ്പം ചെയർമാൻ തിരഞ്ഞെടുപ്പിനുള്ള നീക്കമാണെന്ന് മനസ്സിലാക്കിയ മാണി ഭക്‌തർ ജോസിന്റെ അനുവാദത്തിനുപോലും കാത്തു നിൽക്കാതെ ആദിക്കാട് മനോജെന്ന കൊല്ലത്തുള്ള സംസ്ഥാന കമ്മിറ്റി അംഗത്തെ മുന്നിൽ നിറുത്തി അവധിക്കാല കോടതിയിൽ നിന്നും സ്റ്റേ വാങ്ങി യോഗഹാളിൽ സ്റ്റേജിൽ ഇരിക്കുന്ന പിജെ ജോസഫിനും ജോയിക്കും നൽകിയത് ജോസഫ് ക്യാമ്പിൽ ഞെട്ടലുണ്ടാക്കി.
പാർട്ടി രണ്ടു ചേരിയായി മാറിയ സാഹചര്യത്തിൽ നോട്ടീസ് നൽകി ഇലക്ഷൻ നടത്താൻ ജോസ് തീരുമാനിച്ചു. അതിനു മുന്നോടിയായി പൊതുയോഗം വിളിച്ചുകൂട്ടി ജോസിനെ ചെയർമാനായി തിരഞ്ഞെടുത്തു. ഇതിനെതിരെ പിറ്റേന്ന് തന്നെ തൊടുപുഴ കോടതിയിൽ അന്യായം ഫയൽ ചെയ്തു സ്റ്റേ ഉത്തരവ് വാങ്ങി ജോസഫും കൂട്ടരും .
സിവിൽ കോടതിയിൽ കേസ് കളിച്ചാൽ വർഷങ്ങൾ നീളുമെന്നും അതിനാൽ പാർട്ടി പിളർന്നുവെന്ന് ഇലക്ഷൻ കമ്മീഷനെ അറിയിക്കണമെന്നും ജോസിന്റെ അഭിഭാഷകസംഘം ഉപദേശം നല്കിയതനുസരിച്ച് ജോസും ചാഴിക്കാടനും റോഷിയും പ്രൊഫ. ജയരാജു ചേർന്ന് കേന്ദ്ര ഇലക്ഷൻ കമ്മീഷനിൽ പരാതി നൽകി.
ഇതിനിടെ, മാണിയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന പാലാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ ജോസ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയും ജോസഫ് ചിഹ്നം നൽകുകയും ചെയ്യട്ടെയെന്ന് യുഡിഎഫ് തീരുമാനിച്ചതനുസരിച്ച് യുഡിഎഫ് ചെയർമാൻ ചെന്നിത്തലയെക്കൊണ്ട് ജോസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിപ്പിച്ചു.
എന്നാൽ വാക്ക് പാലിക്കാൻ ജോസഫോ, ജോസഫിനെക്കൊണ്ട് അത് പ്രഖ്യാപിപ്പിക്കുവാൻ ചെന്നിത്തല അടങ്ങുന്ന കോൺഗ്രസ് നേതൃത്വമോ തയ്യാറായില്ല. ആന്റണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അതിന്റെ ഭാഗമായിരുന്നു. ഇലക്ഷൻ കമ്മീഷണർമാരിൽ ഒരാളായിരുന്ന തന്റെ പഴയ ഓഫീസ് സ്റ്റാഫിനെ ആന്റണി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നൊരു കഥയും അന്ന് ഡൽഹിയിൽ പാട്ടായിരുന്നു.
ഇതിനിടെ അകലകുന്നം പഞ്ചായത്തിലെ കോൺഗ്രസിന്റെ കേന്ദ്രമായ പൂവത്തളിപ്പ് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസഫ് രണ്ടില ചിഹ്നത്തിലും ജോസ് സ്വതന്ത്ര ചിഹ്നത്തിലും സ്ഥാനാർത്ഥികളെ നിർത്തി. ജോസിന്റെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന മാത്തുക്കുട്ടി ഞായർക്കളത്തിന്റെ അക്ഷീണപരിശ്രമത്തിന്റെ ഫലമായി അവിടെ ജോസിന്റെ സ്ഥാനാർഥി വിജയിച്ചു. ജോസ്, മാത്തുക്കുട്ടിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതിന്റെ ഫലമായിരുന്നു അത്.
ഒടുവിൽ ഇലക്ഷൻ കമ്മീഷൻ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ചിഹ്നവും പാർട്ടിയും ജോസിന് നൽകി. പിളർപ്പ് അംഗീകരിച്ച് പാർട്ടിവിട്ട് സ്വമേധയാ പുറത്ത് പോയ പിജെ ജോസഫിനും മോൻസിനുമെതിരെ സ്പീക്കറുടെ ബെഞ്ചിൽ അവരെ അയോഗ്യരാക്കാൻ വേണ്ടി ഹർജി നൽകിയിരുന്നുവെങ്കിലും ”നമ്മളായിട്ട് അവരെ ഉപദ്രവിക്കേണ്ട” ന്ന ജോസിന്റെ നിലപാട് മൂലം പരാതിക്കാർ മൗനം പാലിച്ചു.