‘തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല,അതൊരു മഹാ പ്രസ്ഥാനമാണ്’; സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ ജലീല്‍

പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ മുൻ മന്ത്രി കെ ടി ജലീല്‍. തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ലെന്നായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സമസ്തയുടെ മസ്തിഷ്കം മുസ്ലിം ലീഗിനൊപ്പമാണെന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ പ്രതികരിച്ചത്. തട്ടം വിവാദത്തെ എതിർക്കുകയാണ് ലീഗ് ചെയ്തതെന്നും സമസ്തയ്ക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ പറഞ്ഞിരുന്നു.

ജലീലിന്‍റെ ഫോസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.

പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ”മെക്കട്ട്” കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ “കുടിയാനായി” കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ”ആഢ്യത്വം” കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണം.

Leave A Reply