തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനോടൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. വിലകൂടിയ മൊബൈൽ ഫോണുകൾ, ഗാഡ്ജറ്റുകൾ തുടങ്ങിയവ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകും എന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
പലപ്പോഴും, നിലവിലുള്ള പ്രശസ്തമായ ഷോപ്പിംഗ് സൈറ്റുകളുടെ അതേ മാതൃകയിലുള്ള രൂപകൽപ്പനയും, ലോഗോയും ഉപയോഗിച്ചാണ് ഇവർ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. പ്രശസ്തമായ മൊബൈൽ കമ്പനികളും മറ്റ് ബ്രാൻഡുകളും ഒരിക്കലും തങ്ങളുടെ പ്രോഡക്റ്റ് ഇത്രയും വിലകുറച്ച് നൽകില്ലെന്ന് നമ്മൾ അറിഞ്ഞിരിക്കണം.
വില വിശ്വസനീയമായി തോന്നിയാൽ അതത് ഷോപ്പിംഗ് സൈറ്റുകളിൽ പോയി ഓഫർ വ്യാജമല്ലെന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വിവേകത്തോടെ പെരുമാറുക. സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പോലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ നിർദേശിച്ചു.