കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഖിൽ സജീവിനെതിരെ പുതിയ കേസ്

പത്തനംതിട്ട: നിയമന കോഴയുമായി ബന്ധപ്പെട്ട് അഖിൽ സജീവിനെതിരെ പുതിയ ഒരു കേസ് കൂടി. കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട വലിയകുളം സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഈ കേസിൽ റാന്നി പോലീസ് കേസെടുത്തു. കേസിൽ അഖിൽ സജീവ് ഒന്നാംപ്രതിയും യുവമോർച്ച നേതാവ് രാജേഷ് രണ്ടാം പ്രതിയുമാണ്. രാജേഷ് ഇടനിലക്കാരനാണെന്നും പോലീസ് പറയുന്നു. അതേസമയം, അഖിൽ സജീവും രാജേഷും പ്രതികളാകുന്ന രണ്ടാമത്തെ കേസാണിത്.

അതേസമയം, ആരോ​ഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന മെഡിക്കല്‍ നിയമന കോഴക്കേസിൽ നിർണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ആരോ​ഗ്യ വകുപ്പ് മന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നാണ് കേസിലെ പരാതിക്കാരനായ ഹരിദാസൻ ഇപ്പോൾ പറയുന്നത്. ജോലി വാ​ഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എ ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി. വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് കന്‍റോണ്‍മെന്‍റ് പോലീസ് പറയുന്നു. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പോലീസ് പറയുന്നു. കന്റോൺമെൻറ് പോലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. പണം കൈമാറ്റമോ ആൾമാറാട്ടമോ നടന്നിട്ടില്ലെന്നും ഹരിദാസനെ കേസിൽ പ്രതി ചേർത്തേക്കുമെന്നും പോലീസ് പറഞ്ഞു.

Leave A Reply