തിരികെ സ്കൂളിൽ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി; നാലരലക്ഷത്തിലേറെ പേർ പങ്കാളികളാവും

കോഴിക്കോട്: സംസ്ഥാന തലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സംഘടപ്പിക്കുന്ന തിരികെ സ്കൂൾ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്താകെ കുടുംബശ്രീ അംഗങ്ങളായ 46 ലക്ഷംപേർ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും പരിപാടി ആസൂത്രണം ചെയ്തത്. അയൽക്കൂട്ട അംഗങ്ങൾക്കായുള്ള സമഗ്രപാഠശാലയായി പരിപാടി മാറ്റിയെടുക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജില്ലയിൽ ഇരുപത്തേഴായിരത്തിലധികം അയൽക്കൂട്ടങ്ങളിലെ നാലരലക്ഷത്തിലധികം വനിതകൾ ക്യാമ്പയിന്റെ ഭാഗമാകും. അവധി ദിവസങ്ങളിൽ സ്കൂൾ ക്ലാസ് മുറികൾ പ്രയോജനപ്പെടുത്തിയാണ് ക്ലാസുകൾ നടത്തുക. അഞ്ച് വിഷയങ്ങളിൽ പ്രത്യേക പരിശീലനം നേടിയ റിസോഴ്സ് പേഴ്സൺമാരാണ് ക്ലാസെടുക്കുന്നത്. ഒരു വിദ്യാലയ ദിനം രാവിലെ അസംബ്ലിയോടെ ആരംഭിച്ച് വൈകീട്ട് കലാസാംസ്കാരിക പരിപാടികളോടെ സമാപിക്കും.

കുടുംബശ്രീ 25 വർഷം പിന്നിട്ടതിന്റെ ഭാഗമായി വിവിധ മേഖലകളിൽ പ്രശസ്തരായ 25 വനിതകൾ വിവിധ കേന്ദ്രങ്ങളിലായി പതാക വീശിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. ജില്ലയിൽ ഒക്ടോബർ എട്ടിന് ആരംഭിച്ച് ഡിസംബർ 10 ന് ക്യാമ്പയിൻ അവസാനിക്കും.ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല എം, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ നവീൻ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സിന്ധു, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹാരിസ്,വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ സിന്ധു .ആർ സ്വാഗതവും ചേമഞ്ചേരി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ആർ.പി വത്സല നന്ദിയും പറഞ്ഞു.

Leave A Reply