സംസ്ഥാന സ്കൂൾ കായികോത്സവം; പ്രധാന പന്തലുയർന്നു, മറ്റ് ഒരുക്കങ്ങളും തകൃതി

തൃശൂർ: കുന്നംകുളത്ത് അടുത്ത ആഴ്ച ആരംഭിക്കുന്ന 65-ാം മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൻ്റെ പ്രധാന വേദിയുടെ പന്തലുയർന്നു. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സീനിയർ ഗ്രൗണ്ടിനടുത്താണ് പന്തലൊരുങ്ങിയത്. ഇതോടൊപ്പം മറ്റ് ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. കായികോത്സവത്തിൽ വലുതും ചെറുതുമായ പന്ത്രണ്ടോളം പന്തലുകളാണ് തയ്യാറാക്കുന്നത്. പ്രധാന വേദി 25,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ഭക്ഷണ പന്തലാണ്. ഇതിൻ്റെ കാൽനാട്ട് കഴിഞ്ഞ ദിവസം എ സി മൊയ്തീൻ എംഎൽഎ നിർവഹിച്ചിരുന്നു.

സിന്തറ്റിക് ട്രാക്കിനോട് ചേർന്ന് കാണികൾ ഇരിക്കുന്ന ഗാലറിയിലും മൂന്ന് പന്തുലുകളുണ്ടാകും. മഴയെ ചെറുക്കാൻ കഴിയുന്നതാണ് ഈ പന്തലുകൾ. കായിക താരങ്ങൾക്ക് പരിശീലനത്തിന് സൗകര്യമൊരുക്കിയിട്ടുള്ള ബഥനി സ്കൂളിലും പന്തൽ ഒരുക്കുന്നുണ്ട്. സിന്തറ്റിക് ട്രാക്കിലെ ഗാലറിക്ക് മുകളിലുള്ള സ്ഥലത്താണ് ഉദ്ഘാടന വേദി. ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമാണിവിടെ യുള്ളത്. ഉദ്ഘാടന വേദി അലങ്കാര പണികളാൽ മനോഹരമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

കായികോത്സവത്തെ മികവുറ്റതാക്കാൻ വിപുലമായ പരിപാടികളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്നത്. കായികോത്സവത്തിന്റെ വിളംബരമായി ഒക്ടോബർ 13 ന് തൃശ്ശൂരിൽ നിന്ന് മത്സര വേദിയിലേക്ക് ദീപശിഖ പ്രയാണവും സംഘടിപ്പിക്കും.

Leave A Reply