പാവപ്പെട്ടവരെ കൈപിടിച്ച് ഉയര്‍ത്തുക സമൂഹത്തിന്റെ ഉത്തരവാദിത്തം; മന്ത്രി കെ രാധാകൃഷ്ണന്‍

പാലക്കാട്: പാവപ്പെട്ടവരെ കൈപിടിച്ച് ഉയര്‍ത്തുകയെന്നത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്തമാണെന്ന് പട്ടികജാതി – പട്ടികവര്‍ഗ-ദേവസ്വം-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 92 വീടുകളുടെ സമര്‍പ്പണം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നമ്മളൊന്നും കേട്ട് കേള്‍വി പോലും ഇല്ലാത്ത അത്രയും വലിയ ദുരന്തമാണ് 2018-2019 കാലഘട്ടത്തില്‍ ഉണ്ടായത്. വളരെ ഭീതിയോടെയാണ് നാം അതിനെ നേരിട്ടത്. ഇച്ഛാശക്തിയോടെ നിന്നതിനാല്‍ സാധാരണജീവിതത്തിലേക്ക് വരാന്‍ കഴിഞ്ഞു. ജാതിമത ഭേദമെന്യ എല്ലാവരും ഒന്നിച്ചുനിന്നു. അതിന്റെ ഭാഗമായി ഒരു കാരണവശാലും താമസിക്കാന്‍ പറ്റില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയ സ്ഥലങ്ങളില്‍നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയും ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപ സ്ഥലം വാങ്ങാനും നാല് ലക്ഷം രൂപ വീട് വെക്കാനും നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 92 കുടുംബങ്ങള്‍ക്ക് ഇവിടെ വീട് കൊടുത്തത്. എന്നാല്‍ ആ തുക തികയില്ലെന്ന് ബോധ്യപെട്ടതിനാല്‍ ട്രൈബല്‍ ഫണ്ടില്‍ നിന്നും അധികമായി രണ്ട് ലക്ഷം രൂപ കൂടെ ഓരോരുത്തര്‍ക്കും നല്‍കി. കേരളത്തിലെ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ എല്ലാവര്‍ക്കും ആറ് ലക്ഷം രൂപയാണ് നിലവില്‍ വീട് വെക്കാന്‍ നല്‍കുന്നത്.

ഓരോ വീടിന്റെയും അവസ്ഥ മനസിലാക്കി അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിഞ്ഞാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. 14-ാം പഞ്ചവത്സര പദ്ധതി കഴിയുമ്പോഴേക്കും കേരളം മാറണം. ദാരിദ്ര്യ ലഘൂകരണ പദ്ധതി നടപ്പാക്കിയതില്‍ ഏറ്റവും മാതൃകയായ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗിന്റെ കണക്കില്‍ പറയുന്നു. നീതി ആയോഗിന്റെ കണക്ക് പരിശോധിക്കുമ്പോള്‍ 0.52 ശതമാനം മാത്രമാണ് കേരളത്തില്‍ അതിദാരിദ്ര്യം അനുഭവിക്കുന്നത്. 2025 നവംബര്‍ ഒന്നിന് ഒന്നിന് അതിദാരിദ്ര്യം കേരളത്തില്‍ നിന്നും തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനു മുന്‍പ് തന്നെ അതിന് സാധിക്കുമെന്ന സാഹചര്യമാണ് ഉള്ളത്. 2024 നവംബര്‍ ഒന്ന് ആകുമ്പോള്‍ 0.52 ശതമാനം അതിദാരിദ്രരില്‍നിന്നും 97 ശതമാനം പേരുടെയും ദാരിദ്ര്യം ഇല്ലാതെയാക്കും. 2024 ഡിസംബര്‍ 31 ആകുമ്പോള്‍ വിശപ്പിലാത്ത നാടായി സംസ്ഥാനം മാറുകയും ചെയ്യും. 64,006 കുടുംബം മാത്രമാണ് സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്നത്. അതില്‍ നാലില്‍ ഒന്ന് എസ്.സി, എസ്.ടി വിഭാഗമാണ്. അതില്‍ ഉള്‍പ്പെടുന്ന എല്ലാ വിഭാഗത്തെയും ദാരിദ്ര്യത്തില്‍നിന്നും മാറ്റാനാണ് ലക്ഷ്യമിടുന്നത്.

ഓരോ വാര്‍ഡില്‍ നിന്നും അതിദരിദ്രരെ കണ്ടെത്തിയിട്ടുണ്ട്. അവരെ മോചിപ്പിക്കാന്‍ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ അതിവേഗം തന്നെ അവരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടിലെ സമ്പത്തുള്ള എല്ലാവരും ഒത്തുചേര്‍ന്നാല്‍ അതിദാരിദ്ര്യത്തെ തുടച്ചുനീക്കാന്‍ സാധിക്കും. കാഞ്ഞിരപ്പുഴയില്‍ വീട് നല്‍കിയ 92 കുടുംബങ്ങള്‍ക്കും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കും. ഇപ്പോള്‍ തന്നെ വൈദ്യുതി ലഭ്യമാക്കുന്നതിനായി കോര്‍പ്പസ് ഫണ്ടില്‍ നിന്നും ഫണ്ട് നല്‍കിയിട്ടുണ്ട്. ജല്‍ജീവന്‍ മിഷനിലൂടെ എല്ലാവര്‍ക്കും വെള്ളം എത്തിക്കുന്നതിനുള്ള സൗകര്യവും ചെയ്യും. റോഡ്, കമ്മ്യൂണിറ്റി ഹാള്‍, കോമണ്‍ ഫെസിലിറ്റി സെന്റര്‍ എന്നിവയെല്ലാം ഉണ്ടാക്കുന്നത് പരിഗണിക്കും.

അട്ടപ്പാടിയില്‍ അഞ്ച് വര്‍ഷംകൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കിയെന്ന് അവിടുത്തെ ജനങ്ങളോട് ചോദിച്ചാല്‍ അറിയാം. സമൂഹത്തിലെ ഒരു ചെറിയ വിഭാഗം വരുന്ന തദ്ദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്തണം. 92 കുടുംബങ്ങളെ കോളനി എന്ന് വിളിക്കാതെ വേറൊരു പേരിടണം. കോളനി എന്നത് അടിമത്വത്തിന്റെ അടയാളമാണ്. അത് മാറ്റി കൂടിയാലോചിച്ച് കുടുംബങ്ങള്‍ക്ക് നല്ലൊരു പേര് ഇടണം. കോളനി എന്നൊരു പേര് തന്നെ കേരളത്തില്‍ നിന്നും പ്രത്യക്ഷമാകുന്ന ഒരു സാഹചര്യം ഉണ്ടാവണം. ഇത്തരത്തില്‍ വയനാട്ടില്‍ കോളനി എന്ന പേരുമാറ്റി ഒരു ഗ്രാമം ഉന്നതി ഗ്രാമമായി പേരിട്ട സാഹചര്യമുണ്ട്. ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എസ്.ടി വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹായ സഹകരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തിലെ ലൈബ്രറി, ഓപ്പണ്‍ ജിം, എം.സി.എഫ് ഓഫീസ് കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പാമ്പന്‍തോട്, വെള്ളത്തോട് കോളനികള്‍ മന്ത്രി സന്ദര്‍ശിച്ചു. തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സിദ്ദിഖ് ചേപ്പാടന്‍, കെ. പ്രദീപ്, ഷിബി കുര്യന്‍, മിനിമോള്‍ ജോണ്‍, വിജി ടോമി, ഐഷാ ബാനു, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply