ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ഗ്രൂപ്പിന്‍റെ 258മത്തേതും യു.എ.ഇ.യിലെ 104മത്തേതുമാണ് ദുബൈ മാൾ ലുലു ഹൈപ്പർമാക്കറ്റ്. 72,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ദുബൈ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം പച്ചക്കറികൾ, ബേക്കറി, ഐ.ടി, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത വൈവിധ്യമാർന്ന ഭക്ഷ്യോത്പ്പന്നങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു.
ലോകപ്രശസ്തമായ ദുബൈ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ദുബൈ ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഷോപ്പിങ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം അറിയിച്ചു.