കല്ലമ്പലം : മണമ്പൂർ സി.എച്ച്.സി.യിൽ അക്രമികൾ ഏറ്റുമുട്ടിയ സംഭവത്തിൽ അഞ്ചുപേരെ കല്ലമ്പലം പോലീസ് പിടികൂടി. മണമ്പൂർ സി.എച്ച്.സി.ക്കു സമീപം കാവുവിളവീട്ടിൽ സുജിത്ത് (21), മണമ്പൂർ ഗുരുനഗർ റോഡുവിളവീട്ടിൽ സഹോദരങ്ങളായ വിശാഖ് (22), വിപിൻ (18), വക്കം കായൽവാരം എസ്.എസ്. ഭവനിൽ മുഹമ്മദ് സുഹൈൽ (20), മണമ്പൂർ ഗുരുനഗർ പുതിയ വീട്ടിൽ കിരൺ (19) എന്നിവരെയാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അക്രമികൾ ഏറ്റുമുട്ടിയത്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ അടിപിടികൂടിയിരുന്നു. ഇതിൽ പരിക്കേറ്റ രണ്ടുപേരാണ് മണമ്പൂർ സി.എച്ച്.സി.യിൽ ചികിത്സയ്ക്ക് എത്തിയത്. പിന്നാലെ എത്തിയ എതിർസംഘം ആശുപത്രിയിൽ ചികിത്സതേടി എത്തിയവരെയും കൂടെയുണ്ടായിരുന്നവരെയും മർദിക്കാൻ ശ്രമിച്ചു. അതോടെ കൂട്ടയടിയായി. ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരും രോഗികളും ഭയന്ന് നിലവിളിച്ചു.