നാടിന്റെ ഉത്സവമായി കുങ്കിച്ചിറ മ്യൂസിയം തുറന്നു

വെള്ളമുണ്ട : വർഷങ്ങളായുള്ള കാത്തിരിപ്പ് യാഥാർഥ്യമായതിന്റെ ഉത്സവാന്തരീക്ഷത്തിൽ കുഞ്ഞോം കുങ്കിച്ചിറ പൈതൃകമ്യൂസിയം നാടിന് സമർപ്പിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങൾ കുറവായ തൊണ്ടർനാടിന് മലബാറിലെ ഏറ്റവുംവലിയ ജൈവ സാംസ്കാരിക പൈതൃകമ്യൂസിയം ഒരു തുടക്കംകൂടിയാവും. മ്യൂസിയങ്ങൾ നാടിന്റെ സാംസ്കാരികനിലയങ്ങളാണെന്ന് കുങ്കിച്ചിറ മ്യൂസിയം ഉദ്ഘാടനംചെയ്തുകൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

വയനാടിന് കുങ്കിച്ചിറ മ്യൂസിയം വഴികാട്ടിയാകും. വയനാടിന്റെ അനന്യമായ പൈതൃകം വരുംതലമുറയ്ക്ക് തൊട്ടറിയാനും ഇവിടെ സൗകര്യമൊരുക്കുന്നുണ്ട്. അനന്തമായ കഥപറയുന്ന നാഗരികതകൾക്കൊപ്പം ഗോത്രജീവിതചാരുതകൾ, പോരാട്ടങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം ഇവിടെ സന്നിവേശിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ ഒമ്പതാമത് മ്യൂസിയമാണിത്. അടുത്ത മ്യൂസിയം മലപ്പുറത്ത് ഉടൻ തുറക്കും. കേവലമായ കാഴ്ച അനുഭവങ്ങൾക്കൊപ്പം അമൂല്യമായ പൈതൃകങ്ങളെ വരുംകാലത്തിന് പരിചയപ്പെടുത്തുക എന്ന ഉത്തരവാദിത്വംകൂടിയാണ് ഇവിടെ നിറവേറ്റപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

Leave A Reply