ക്ഷമ വേണം, ലോകകപ്പ് മത്സരം ജയിക്കാം

ചെന്നൈ: ചെപ്പോക്കില്‍വേണ്ടത് ക്ഷമയായിരുന്നു…ഓസീസ് ഇന്നിങ്സില്‍ ക്ഷമയുടെ നെല്ലിപ്പലകയില്‍നിന്നത് സ്റ്റീവന്‍ സ്മിത്തും ഇന്ത്യന്‍ ഇന്നിങ്സില്‍ വിരാട് കോലിയും കെ.എല്‍. രാഹുലും മാത്രമായിരുന്നു. ഓസീസിന്റെ പ്രശ്നം സ്പിന്‍ ആയിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രശ്‌നം ന്യൂബോള്‍ പേസായിരുന്നെന്ന് മാത്രം. ചെപ്പോക്കിലെ സ്ലോ ടേണിങ് ട്രാക്കില്‍ ഇന്നിങ്സിലുടനീളം സ്പിന്‍ അവരെ ഉലച്ചുകളഞ്ഞു. ടെസ്റ്റിലെന്നപോലെ ക്ഷമയോടെ സ്പിന്‍ നേരിടുന്നതില്‍ ഓസീസ് ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടു. മാര്‍നസ് ലെബുഷെയ്ന്‍-സ്മിത്ത് സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും പാതിവഴിയില്‍ വീണുപോയി.

ഇന്ത്യന്‍ ഇന്നിങ്സിലും, ന്യൂബോള്‍ പേസ് ക്ഷമയോടെ നേരിടാന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ തയ്യാറാവാതിരുന്നതായിരുന്നു പ്രശ്‌നം. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്ന പേസ് ജോഡി ലോകത്തിലെ ഏറ്റവും മികച്ചതാണെന്നത് മറന്നു കൊണ്ടായിരുന്നു ഇഷാന്‍ കിഷന്റെയും ശ്രേയസ് അയ്യരുടെയും കാഷ്വല്‍ ഷോട്ടുകളിലെ ഔട്ട്. തുടക്കത്തില്‍ വിരാട് കോലിയും അക്ഷമയോടെ ഒരു പുള്‍ഷോട്ട് കളിക്കാന്‍ ശ്രമിച്ചത് ഇന്ത്യയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കുള്ള തുടക്കമാകേണ്ടതായിരുന്നു. ഷോട്ട് ഓഫ് ലെങ്ത്തില്‍ നല്ല ബൗണ്‍സ് ലഭിക്കുന്നുണ്ടെന്ന് ബുംറയുടെ പന്തുകളില്‍നിന്ന് ഓസീസ് മനസ്സിലാക്കിയിരുന്നു. ന്യൂബോളിന്റെ ഷൈനിങ് മാറിയതോടെ അവര്‍ ആ ലെങ്ത്തിലേക്ക് ബൗളിങ് മാറ്റുകയുംചെയ്തു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കിട്ടിയ ടേണ്‍ ആദം സാംപയ്‌ക്കോ ഗ്ലെന്‍മാക്സ്വെല്ലിനോ കിട്ടിയില്ല.

Leave A Reply